സഹകരണ പ്രതിസന്ധി; സര്‍വകക്ഷിസംഘം നാളെ ഡല്‍ഹിക്ക്; കേന്ദ്രത്തില്‍ നിന്ന് ഇളവുകള്‍ ഉണ്ടായേക്കും;ബിജെപി പ്രതിനിധി സംഘം ഇന്ന് അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തും

kummanamതിരുവനന്തപുരം: സഹകരണപ്രസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന വ്യവസ്ഥകള്‍ക്കെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തും. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും സഹകരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മേല്‍ സമ്മര്‍ദം ശക്തമാണ്. ഇത് കണക്കിലെടുത്ത് കേന്ദ്രം കര്‍ശന വ്യവസ്ഥകളില്‍ അയയവു വരുത്തിയേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

അതിനു മുന്നോടിയായാണ് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സംഘം ഇന്ന് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. സഹകരണ വിഷയത്തില്‍ കേരളത്തിലും ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബിജെപി തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത് അവഗണിച്ചു കൊണ്ടു കേന്ദ്രസര്‍ക്കാരിനു മുന്നോട്ടു പോകാനാവില്ല.

സംസ്ഥാനത്ത് യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി സമരമുഖത്തിറങ്ങിയതും കേന്ദ്രത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും കേരളത്തിലുള്‍പ്പെടെ സഹകരണമേഖലയ്‌ക്കെതിരായ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുന്നു. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കെതിരേ പാര്‍ലമെന്റിലും പ്രതിപക്ഷകക്ഷികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞിട്ടില്ല. സഹകരണ പ്രതിസന്ധിയില്‍ വ്യക്തമായ തീരുമാനം വന്നതിനു ശേഷമേ ഇതുണ്ടാകാനിടയുള്ളൂ.

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനിലപാട് തിരുത്തണമെന്നും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക സഹകരണ സംഘങ്ങളെയും അനുവദിക്കണമെന്ന പ്രമേയം ഇന്നലെ സംസ്ഥാന നിയമസഭ ചേര്‍ന്നു പാസാക്കിയിരുന്നു. ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിച്ചത്.  വിഷയത്തില്‍ യുഡിഎഫും-എല്‍ഡിഎഫും ബിജെപിക്കെതിരായ കടന്നാക്രമണം കടുപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിജെപിയിലും ഭിന്നാഭിപ്രായങ്ങളുള്ളതായി റിപ്പോര്‍ട്ടുണ്ട്.

അതിനാലാണ് നാളെ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ധനമന്ത്രിയെയും പ്രധാനമന്ത്രിയെയും കാണുന്നതിനു മുന്നോടിയായി ബിജെപി പ്രതിനിധി സംഘം ഇന്നു ധനമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേന്ദ്രനിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്, എംപിമാരായ രാജീവ് ചന്ദ്രശേഖര്‍, സുരേഷ് ഗോപി, റിച്ചാര്‍ഡ്, ഹേ എന്നിവരാകും സംഘത്തിലുണ്ടാകും.

സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാന്‍ സഹകരണ സംഘങ്ങളെ സിപിഎം ഉപയോഗിക്കുകയാണെന്നും സംശയിക്കത്തക്ക ധനകാര്യ ഇടപാടുകളാണ് പല സഹകരണ സംഘങ്ങളുടേതും എന്ന നിലപാടാണ് സംസ്ഥാനത്തെ ബിജെപിയിലെ ഭൂരിഭാഗം പേര്‍ക്കും ഉള്ളതെങ്കിലും നിലവിലെ പ്രതിസന്ധി ജനങ്ങളെ എതിരാക്കുന്നതില്‍ അവര്‍ ആശങ്കാകുലരുമാണ്. നോട്ടു മാറുന്നതടക്കമുള്ള ഇളവുകള്‍ സഹകരണമേഖയില്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ഇന്ന് ബിജെപി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനു ശേഷം ഉണ്ടാകാനാണ് സാധ്യത.

Related posts