അമേത്തി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ അഴിമതി പരാമർശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് യുവാവ് സ്വന്തം രക്തംകൊണ്ട് കത്തെഴുതി. അമേത്തി സ്വദേശിയായ മനോജ് കശ്യപ് എന്നയാളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയത്.
രാജീവ് ഗാന്ധിക്കെതിരായ പരമാർശങ്ങളിൽനിന്ന് മോദിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. രാജ്യത്ത് വോട്ടിംഗ് പ്രായം പതിനെട്ട് ആക്കിയതും, കന്പ്യൂട്ടർ വിപ്ലവത്തിന് തുടക്കമിട്ടതും രാജീവ് ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി വാജ്പേയ് പോലും അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ടെന്നും മനോജ് കത്തിൽ കുറിച്ചു.
രാജീവിനെ അപമാനിക്കുന്നവരെ അദ്ദേഹത്തെ കൊലപ്പെടുത്തിയവരെപ്പോലെ തന്നെ കാണാനേ ഞങ്ങൾ അമേത്തിക്കാർക്ക് സാധിക്കുകയുള്ളെന്നും കത്തിൽ പറയുന്നു. യുപിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചതെന്ന മോദിയുടെ വിവാദ പരാമര്‍ശമുണ്ടായത്.