പന്ത്രണ്ടുകാരന്റെ പല്ലില്‍ കമ്പിയിടാനായി എടുത്ത എക്‌സ്‌റേയിലെ കാഴ്ച കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു! ചെവിയുടെ ഭാഗത്ത് എല്‍ഇഡി ബള്‍ബും കമ്പിയും; എങ്ങനെ സംഭവിച്ചു എന്ന് അമ്പരന്ന് കുട്ടിയും വീട്ടുകാരും

പല്ലില്‍ കമ്പിയിടാനായി പന്ത്രണ്ടുകാരന്റെ എക്‌സ്‌റേ എടുത്തപ്പോള്‍ കണ്ടത് ചെവിയില്‍ കുടുങ്ങിയിരിക്കുന്ന എല്‍ഇഡി ബള്‍ബും കമ്പിയും. ചങ്ങനാശേരി കുരിശുംമൂട് സ്വദേശി സി പി ശ്യാജിയുടെ മകന്‍ അമൃതിന്റെ ചെവിക്കുള്ളില്‍ നിന്നാണ് ചെറിയ എല്‍ഇഡി ബള്‍ബ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

രണ്ടാഴ്ച മുമ്പാണ് അമൃതിന്റെ പല്ലില്‍ കമ്പിയിടുന്നതിന് ചങ്ങനാശേരിയിലെ ഡോ ചിച്ചു മേരി കുരുവിളയുടെ ദന്താശുപത്രിയില്‍ എത്തിയത്. പല്ലില്‍ കമ്പിടിയുന്നതിനു മുമ്പായി മോണയുടെയും തലയുടെ ഭാഗത്തെയും എക്‌സ്റേ എടുത്തു. തുടര്‍ന്ന് പരിശോധന നടത്തിയ ഇഎന്‍ടി ഡോക്ടര്‍ വിനോദ് ജോണ്‍ കുട്ടിയുടെ ചെവിയുടെ ഭാഗത്ത് ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തി.

പിന്നീട് അമൃതിനെ ബുധനാഴ്ച രാവിലെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തിച്ച് ഡോ വിനോദിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ണ്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ ചെവിക്കുള്ളില്‍ നിന്നു ചെറിയ എല്‍ഇഡി ബള്‍ബ് പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ ബള്‍ബ് കുട്ടിയുടെ ചെവിയ്ക്കുള്ളില്‍ എത്തിയതെങ്ങനെയെന്ന കാര്യം അമൃതിനോ വീട്ടുകാര്‍ക്കോ യാതൊരറിവുമില്ല. അതുപോലെതന്നെ ബള്‍ബും ലോഹക്കഷണവും ചെവിയില്‍ ഇരുന്നതിന്റേതായി യാതൊരു അസ്വസ്ഥതയും തോന്നിയിരുന്നില്ലെന്നും അമൃത് പറയുന്നു.

Related posts