ചൈനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോ ?ദശലക്ഷക്കണക്കിന് ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും; ജനുവരി മുതല്‍ ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്കൊഴുകുമെന്ന് സൂചന…

ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്‍-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു.

ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്‌പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്.

വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്‍കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്.

ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്‍ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്‍കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്.

ഏകദേശം 30 ലക്ഷം പേര്‍ക്ക് ബി എന്‍ ഒ സ്റ്റാറ്റസ് ലഭിക്കാനുള്ള യോഗ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നര ലക്ഷത്തിലധികം ബിഎന്‍ഒ പാസ്സ്‌പോര്‍ട്ടുകള്‍ നിലവിലുണ്ട്.

ജനുവരി മുതല്‍ ബിഎന്‍ഒ സ്റ്റാറ്റസ് ഉള്ളവര്‍ക്കും അവരുടെ തൊട്ടടുത്ത ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ 30 മാസമോ, 5 വര്‍ഷമോ താമസിച്ച് ജോലി എടുക്കാന്‍ അനുമതിയുള്ള വിസയ്ക്കായി അപേക്ഷിക്കാം.

രാജ്യത്ത് അഞ്ചു വര്‍ഷം തുടര്‍ന്നതിനു ശേഷം അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാം. അങ്ങനെ അപേക്ഷിക്കുന്നതിനായി ജോലിയോ, സാധുതയുള്ള ഒരു പാസ്‌പോര്‍ട്ടോ ആവശ്യമില്ല.

കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ടും അവര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. മതിയായ രേഖകള്‍ ഇല്ലാത്തവരുടെ കാര്യം പരിഗണിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കും.

എന്നാല്‍ ഈ കണക്കുകള്‍ അതിശയോക്തി നിറഞ്ഞതാണെന്ന് സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നത്. യഥാര്‍ത്ഥത്തില്‍ എത്രപേര്‍ ഈ വാഗ്ദാനം സ്വീകരിച്ച് യു കെയില്‍ എത്തുമെന്ന കാര്യം ഉറപ്പില്ല.

പ്രധാനമായും കോവിഡ് പ്രതിസന്ധി നല്‍കുന്ന അനിശ്ചിതാവസ്ഥ, ധാരാളം പേരെ മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നതില്‍ നിന്നും വിലക്കിയേക്കാം.

ചില കണക്കുകളില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 2.5 ലക്ഷത്തിനും 3.32 ലക്ഷത്തിനും ഇടയില്‍ ആളുകള്‍ ഹോങ്കോംഗില്‍ നിന്നും ഇത്തരത്തില്‍ ബ്രിട്ടനിലെത്തും എന്നു പറയുമ്പോള്‍, മറ്റു ചിലതില്‍ കാണിക്കുന്നത് പരമാവധി 9,000 പേര്‍ വരെ മാത്രമേ വരികയുള്ളു എന്നാണ്.

ബ്രിട്ടനിലെത്തുമ്പോള്‍ തന്നെ ഇവര്‍ക്ക് സ്‌കൂളുകളില്‍ പോകാനും അതുപോലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ ഉപയോഗിക്കാനും അനുവാദം ഉണ്ടെങ്കിലും ആദ്യം ബെനെഫിറ്റുകള്‍ ലഭിക്കുകയില്ല.

ആദ്യത്തെ ആറു മാസക്കാലം, ബ്രിട്ടനില്‍ ജീവിക്കാനുള്ള സാമ്പത്തിക ഭദ്രതയുണ്ടെന്ന് തെളിയിക്കേണ്ടത് ഇത്തരത്തില്കുടിയേറുന്നവരുടെ ബാദ്ധ്യതയാണ്.

ക്ഷയരോഗത്തിനുള്ള പരിശോധന നടത്തുകയും അതുപോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുമെന്ന് തെളീയിക്കുകയും വേണം. ഒരു വ്യക്തിയുടെ ക്രിമിനല്‍ ചരിത്രവും കണക്കിലെടുക്കും.

എന്നാല്‍, ഈയിടെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടവരുടെ കാര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

വിസ ചാര്‍ജ്ജും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജും അപേക്ഷകര്‍ നല്‍കണം. അതിനാല്‍ തന്നെ കുടിയേറ്റം അത്ര എളുപ്പമാകില്ലെന്നു ചുരുക്കം.

Related posts

Leave a Comment