കോവിഡ് ബസ് വ്യവസായത്തെ തകര്‍ത്തു ! പോംവഴിയായി പോത്തു വളര്‍ത്തല്‍ തെരഞ്ഞെടുത്ത് സഹോദരങ്ങള്‍;മാതാപിതാക്കളുടെ പരാതിയും തീര്‍ന്നു…

കോവിഡ് ലോകത്ത് നല്ലൊരു ശതമാനം ആളുകളുടെ ജീവിതത്തിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പലരുടെയും ബിസിനസുകള്‍ കോവിഡ് കാലത്ത് തകര്‍ന്നു തരിപ്പണമായി. ഉണ്ടായിരുന്ന ഏഴു ബസുകള്‍ക്ക് ഓട്ടം കിട്ടാതെ വന്നതോടെയാണ് ഈ സഹോദരങ്ങള്‍ പോത്തുകൃഷിയിലേക്ക് തിരിയുന്നത്.

ഇപ്പോള്‍ ബസിനേക്കാള്‍ ആദായം പോത്തു തന്നെയെന്ന് ഇവര്‍ പറയുന്നു. ഇതു കൂടാതെ തിരക്കൊഴിഞ്ഞ് മക്കളെ കാണാന്‍ കിട്ടുന്നതിന്റെ സന്തോഷം മാതാപിതാക്കള്‍ക്കും.

നജീബ്,ഇര്‍ഷാദ്,ഇര്‍ഫാന്‍ എന്നീ മൂന്നു സഹോദരങ്ങളാണ് ബസ് വ്യവസായത്തിന് തല്‍ക്കാലം ഇടവേള നല്‍കി പോത്തു കൃഷിയുമായി മുമ്പോട്ടു പോകുന്നത്.

രണ്ട് ലൈന്‍ ബസുകള്‍, അഞ്ച് ടൂറിസ്റ്റ് ബസുകള്‍, ഇങ്ങനെ ബസോടിച്ച് തിരക്കിട്ട ജീവിതവുമായി മുന്‍പോട്ട് പോകുന്നതിനിടെയാണ് കോവിഡും ലോക്ഡൗണുമൊക്കെ വരുന്നത്. ബസിലെ ഡ്രൈവറും കണ്ടക്ടറും കിളിയുമൊക്കെ ഈ മൂന്ന് സഹോദരന്‍മാരായിരുന്നു.

കോവിഡ് വരുമാനം തകര്‍ത്തതോടെ ഉപ്പയുടെ മേല്‍നോട്ടത്തില്‍ ഇവര്‍ പോത്തിനെ വളര്‍ത്താന്‍ തുടങ്ങി. ബസ് ഓട്ടം അവസാനിപ്പിച്ചതോടെ ബസിലെ മറ്റു തൊഴിലാളികള്‍ വേറെ ജോലികള്‍ തേടിപ്പോയി. ഉടമകള്‍ പോത്തുകൃഷിയിലേക്കും തിരിഞ്ഞു.

ബസ് ഓട്ടം നിര്‍ത്തിയപ്പോള്‍ സങ്കടപ്പെട്ടെങ്കിലും മക്കളെ അടുത്തു കാണാന്‍ കിട്ടുന്നു എന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ഇവരുടെ മാതാപിതാക്കള്‍. എങ്കിലും ആദായം കുറവാണെങ്കിലും ബസിനോടുള്ള കമ്പം ഇവര്‍ വിട്ടിട്ടില്ല.

കോവിഡ് അവസാനിക്കുമ്പോള്‍ ബസ് വീണ്ടും ഓടിക്കാം എന്നാണ് ഇവരുടെ പ്രതീക്ഷ. 60 കന്നുകാലികളെ വരെ പരിപാലിക്കാന്‍ കഴിയുന്ന ഫാമിന്റെ നിര്‍മാണത്തിലാണ് സഹോദരങ്ങളിപ്പോള്‍.

Related posts

Leave a Comment