പാലക്കാട്: നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. വടക്കഞ്ചേരിയിൽ ദേശീയപാതയ്ക്കരികിൽ ഇന്ന് രാവിലെ 7.20 ഓടെയാണ് അപകടം.
ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്ത് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്.
അപകടം നടന്ന ഉടനെ നാട്ടുകാരുടെ സഹായത്തോടെ സഞ്ജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . വടക്കഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
