കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്കിയ വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നല്കിയ മാപ്പ് അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. കേസില്‍ ജൂണ്‍ 22ന് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കശുവണ്ടി ഇറക്കുമതി ചെയ്തതിലും സംസ്കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബര്‍ 23ല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐക്ക് കൈമാറുന്നത്.
പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷ പിണറായി സര്‍ക്കാര്‍ മൂന്നു തവണ നിഷേധിച്ചിരുന്നു. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഐഎന്‍ടിയുസി നേതാവിനെതിരെ പ്രോസിക്യൂഷന് അനുമതി നല്കാന് മന്ത്രിസഭ വേഗത്തില്‍ തീരുമാനമെടുത്തത്.
അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റപത്രം ഫയല്‍ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാത്തതിനെതിരെ 2021ല്‍ പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ചന്ദ്രശേഖരന് പുറമെ കോര്പ്പറേഷന് മുന്‍ എം.ഡി രതീഷിനെയും കേസില്‍ പ്രോസിക്യൂട്ട് ചെയ്യും. പ്രോസിക്യൂഷന് അനുമതി നല്‍കിയതോടെ, ആര്. ചന്ദ്രശേഖരന് ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.
