യൂറോപ്പിനെ വെല്ലാന്‍ ചൈന

CHINA-Lബെയ്ജിംഗ്: പണക്കൊഴുപ്പിന്‍റെയും വമ്പന്‍ താരങ്ങളുടെ കൂട്ടിയിടിയുമായി ലോകത്തെ ഞെട്ടിച്ചിരുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നന്മാര്‍ പണം മുടക്കുന്നതും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലായിരുന്നു. ലോക ജനസംഖ്യയിലെ ഒന്നാം സ്ഥാനവും സാമ്പത്തിക രംഗത്തെ വന്‍ കുതിച്ചുചാട്ടവുമായി ഫുട്‌ബോളില്‍ പുതുചരിത്രം കുറിക്കുകയാണ് ചൈന.

വമ്പന്‍ താരങ്ങളെ റിക്കാര്‍ഡ് തുകയ്ക്കു പാളയത്തിലെത്തിച്ചാണ് ചൈന ഫുട്‌ബോളിലെ വളര്‍ച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. അര്‍ജന്‍റീനയുടെ സൂപ്പര്‍താരം കാര്‍ലോസ് ടെവസിനെയും ബ്രസീല്‍ താരം ഓസ്കറുമാണ് അടുത്ത കാലത്തു ചൈനയിലേക്കു ചേക്കേറിയത്.

ലയണല്‍ മെസിയേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും വെല്ലുന്ന തുകയ്ക്കാണ് ടെവസിനെ ചൈനീസ് ക്ലബ് ഷാന്‍ഹായ് ഗ്രീന്‍ലന്‍ഡ് ഷെന്‍ഹ്വാ സ്വന്തമാക്കിയത്. റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വന്‍തുക കൊടുത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും റയല്‍ വിടാന്‍ താത്പര്യമില്ലെന്നാണ് റൊണോ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നാലു വട്ടമാണ് ട്രാന്‍സ്ഫര്‍ തുകയിലെ ഏഷ്യന്‍ റിക്കാര്‍ഡ് ചൈനീസ് ക്ലബ്ബുകള്‍ തിരുത്തിക്കുറിച്ചത്. ഫുട്‌ബോളില്‍ വന്‍ശക്തിയായി മാറാനുള്ള ചൈനീസ് മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് വമ്പന്‍ താരങ്ങലെ കൂടാരത്തിലെത്തിക്കുന്നതിന്‍റെ പ്രധാന ഉദ്ദേശ്യം. മുന്‍ വര്‍ഷങ്ങളില്‍ ബ്രസീലില്‍ അത്രയൊന്നും പേരെടുക്കാത്ത താരങ്ങളെ ചൈനീസ് ക്ലബ്ബുകള്‍ സ്വന്തമാക്കിയിരുന്നു. ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള ചൈന ഒരുനാള്‍ ലോകകപ്പ് സ്വന്തമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്‌ബോളില്‍ വമ്പന്‍ മുതല്‍മുടക്കിനു തുടക്കമിട്ടിരിക്കുന്നത്.

ലോകത്തില്‍ ഫുട്‌ബോളിനു ലഭിക്കുന്ന ജനപ്രീതി മുന്‍നിര്‍ത്തി മികച്ച താരങ്ങളെ ടീമിലെത്തിച്ചാല്‍ ടിവി സംപ്രേഷണം അടക്കമുള്ള കാര്യങ്ങളിലുള്ള ലാഭവും ചൈനീസ് ക്ലബ്ബുകള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുഖപത്രവും വന്‍തുക മുടക്കി വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിനെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. വിദേശ താരങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍.

വമ്പന്‍ താരങ്ങളെ ലീഗിലെത്തിക്കുന്നത് ലീഗിന്‍റെ സ്വീകാര്യതവര്‍ധിപ്പിക്കുമെങ്കിലും അത് ചൈനീസ് താരങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്നാണ് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചത്.

എന്തായാലും, ഒന്നുമല്ലാതിരുന്നിടത്തു നിന്നും ഒളിമ്പിക്‌സില്‍ ഒന്നാം സ്ഥാനം വരെയെത്തി ചരിത്രം സൃഷ്ടിച്ച ചൈനയുടെ കായികരംഗം ഫുട്‌ബോള്‍ മൈതാനത്തും കാലുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അര്‍ജന്‍റീനിയന്‍ താരം എസക്കിയേല്‍ ലാവേസി, ബ്രസീല്‍ താരങ്ങളായ പൗളീഞ്ഞോ, റാമിറസ് തുടങ്ങിയവരെ മുന്‍ വര്‍ഷങ്ങളില്‍ ചൈനീസ് ക്ലബ്ബുകള്‍ വന്‍തുകയ്ക്കു സ്വന്തമാക്കിയവരാണ്.

Related posts