‘ബഡാഭായ്’ക്കും പേടിയായി! ഉത്തരകൊറിയയില്‍ നിന്നു മടങ്ങാന്‍ സ്വന്തം പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന ആശങ്കയില്‍ ലോകം

war600ബെയ്ജിംഗ്: ഒടുവില്‍ ചൈനയ്ക്കും പേടിയായി,  ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നുള്ള ലോകത്തിന്റെ ആശങ്കയ്ക്ക് ശക്തി പകര്‍ന്നു കൊണ്ട് ചൈന ഉത്തരകൊറിയയിലുള്ള സ്വന്തം പൗരന്മാരെ തിരികെ വിളിച്ചു. ഉത്തരകൊറിയയില്‍ നിന്ന് എത്രയും പെട്ടെന്ന് ചൈനയിലേക്ക് മടങ്ങാനാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുദ്ധമൊഴിവാക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ചുവന്ന ചൈന, അപ്രതീക്ഷിതമായി പൗരന്‍മാരെ തിരിച്ചുവിളിച്ചത് ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. യുദ്ധം ഒഴിവാക്കാനാവില്ലെന്ന തിരിച്ചറിവാണ് ചൈനീസ് സര്‍ക്കാരിനെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക്  നയിക്കുമെന്ന് അവരുമായി നേരിട്ടു സൗഹൃദം പുലര്‍ത്തുന്ന ഏക രാജ്യമായ ചൈനയ്ക്ക് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഉത്തരകൊറിയയില്‍ താമസിക്കുന്നവരും തൊഴില്‍ എടുക്കുന്നവരുമായ എല്ലാ ചൈനീസ് പൗരന്മാരും എത്രയും പെട്ടെന്നു മടങ്ങമെന്ന നിര്‍ദ്ദേശം നല്‍കിയത് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ് യാങിലെ ചൈനീസ് എംബസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തരകൊറിയ വിടാന്‍ ചൈന തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇത്തരമൊരു നിര്‍ദ്ദേശം എംബസിയില്‍ നിന്നു ലഭിക്കുന്നത് ആദ്യമായാണെന്നാണ് ഉത്തരകൊറിയയില്‍ താമസമാക്കിയ ഒരു ചൈനീസ് പൗരന്‍ പറയുന്നു. താനും കുടുംബവും ഭയാശങ്കയിലാണെന്നും എത്രയും പെട്ടെന്നു രാജ്യം വിടാനുള്ള ഒരുക്കത്തിലാണെന്നും ഇയാള്‍ പറഞ്ഞു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 85-ാം വാര്‍ഷിക പ്രകടനം നടന്നതോടനുബന്ധിച്ച് ഏപ്രില്‍ 25നാണ് ചൈന മുന്നറിയിപ്പ് പുറപ്പെടുവിച്ചതെന്നാണ് വിവരം. കിം ജോങ് ഉന്‍ ആറാം ആണവപരീക്ഷണം നടത്തിയേക്കുമെന്ന ആശങ്കയാണ് ചൈനയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നും വിലയിരുത്തപ്പെടുന്നു.

ആണവപരീക്ഷണങ്ങളുമായി ഉത്തരകൊറിയ മുമ്പോട്ടു പോകുമ്പോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന പ്രത്യാശ പ്രകടിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ലോകത്തിന് അല്‍പം ആശ്വാസം പകരുന്നുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്നാണ് ഒരു അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. ട്രംപ് ഉയര്‍ത്തിയതു സമാധാനത്തിന്റെ വെള്ളക്കൊടിയോ എന്ന സംശയം നിലനില്‍ക്കുമ്പോഴും കൊറിയന്‍ ഉപദ്വീപില്‍ കാര്യങ്ങള്‍ സംഘര്‍ഷഭരിതമായി തുടരുകയാണ്. യുഎസ് ബോംബര്‍ വിമാനങ്ങള്‍ കൊറിയന്‍ ആകാശത്തു പരിശീലനം നടത്തി. കടലില്‍ യുഎസ് നാവികസേനയുടെ പരിശീലനവും. യുഎസ് സേനകളുടെ പ്രകടനത്തില്‍ ദക്ഷിണ കൊറിയയും പങ്കാളികളാണ്. കാര്യങ്ങള്‍ മണത്തറിയുന്നതില്‍ സമര്‍ഥരായ ചൈന ഇത്തരത്തിലൊരു നീക്കം നടത്തിയത് ഒന്നും കാണാതെ ആവില്ലയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Related posts