കാസർഗോഡ്: അന്തരിച്ച ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആൺ സുഹൃത്ത് ജീവനൊടുക്കി. മന്നിപ്പാടി സ്വദേശി സന്ദേശ് ആണ് മരിച്ചത്.ചിന്നുവും സന്ദേശും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ചിന്നുവിന്റെ മരണത്തോടെ സന്ദേശ് കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് വാടക ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരോടൊപ്പം താമസിച്ചിരുന്ന സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയക്കുകയും ചെയ്തു.
എന്നാൽ, യുവതി മരിച്ചതോടെ യുവാവിന്റെ മാനസിക അവസ്ഥയും നല്ലതായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നിരുന്നു.
ആദൂർ ആലംതടുക്ക സ്വദേശിയാണ് ചിന്നു പാപ്പു. അഞ്ചുവർഷം മുൻപ് വിവാഹിതയായ ഈ യുവതിയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. നാല് വയസുള്ളൊരു മകനും ഉണ്ട്. ഭർത്താവിനോട് അകന്ന് ഒരു വർഷമായി ആൺ സുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സുഹൃത്തുക്കളും കുടുംബവും അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
