പത്തനംതിട്ട: ചിറ്റാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്; പ്രതികളെന്നു കരുതുന്ന മൂന്നുപേരെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റാർ കൊടുമുടി പതാലിൽ സദാനന്ദന്റെ മകൻ സന്ദീപ് (35) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒന്പതോടെ സന്ദീപിനെ വീടിനു സമീപം കൊടുമുടി ഭാഗത്തെ റബർത്തോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് സന്ദീപിനെ രാത്രിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളെന്നു സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറയിൽ കണ്ടെത്തുകയും ഇവരെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സംഘത്തിൽ ഒരാളുടെ കൈയിൽനിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തു. മൂന്നു പേരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
മലയാലപ്പുഴ ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58), അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55), അട്ടത്തോട് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്മോന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തത്.
ഒന്നാംപ്രതി സുരേഷ്കുമാറിന്റെ കൈയിൽനിന്നു നാടൻ തോക്ക് പിടിച്ചെടുത്തത്തു. കൂടാതെ, ഇവർ സഞ്ചരിച്ചുവന്ന ടവേര വാഹനം പരിശോധിച്ചതിൽ വാഹനത്തിൽനിന്നു നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ, പിച്ചാത്തി, വെട്ടുകത്തി ആംഗിൾ രൂപത്തിലുള്ള ഇരുമ്പ് കഷണങ്ങൾ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. തുടർന്ന് ഇവരെ ചിറ്റാർ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ആയുധ നിയമമനുസരിച്ചുള്ള കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
സന്ദീപിന്റെ പോസ്റ്റ്മോർട്ടം പരിശോധനയിൽ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണം എന്ന് വെളിവായതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.തുടർന്ന് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശംവച്ചു എന്ന കേസിൽ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മരിച്ച സന്ദീപിന് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കളാണ് അറസ്റ്റിലായവർ. ഇവരുടെ മർദനമേറ്റാണ് മരണമെന്നാണ് സന്ദീപിന്റെ ബന്ധുക്കളുടെ ആരോപണം.സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ വകുപ്പുകൾ കോടതിയിൽ അപേക്ഷ നൽകി മാറ്റങ്ങൾ വരുത്തുകയും കൃഷ്ണൻകുട്ടി ഗോപി എന്നിവരെ പ്രതികളായി ചേർക്കുകയും ചെയ്യുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികളിൽനിന്ന് തോക്ക് കണ്ടെത്തിയ സ്ഥലം മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ആ കേസ് മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തുന്നതിനായി ട്രാൻസ്ഫർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സന്ദീപിന്റെ വിശദമായ പോസ്റ്റ്മോർട്ടം ലഭിക്കുന്നതോടെ കൊലപാതകക്കേസിലും തുടർനടപടികളുണ്ടാകും.
