പട്ടാളക്കാരെപ്പോലെയാണ് നിങ്ങള്‍ സേവനം ചെയ്യുന്നത്! മലയാളികള്‍ എങ്ങനെയാണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്; ആവേശം വാരിവിതറുന്ന കളക്ടര്‍ വാസുകിയുടെ പ്രസംഗത്തിന് ‘ഓഹോയ്’ വിളിച്ച് കേരളം

തങ്ങളുടെ നിലയും പദവിയും മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യവുമായി എസി റൂമില്‍ നിന്ന് പുറത്തിറങ്ങി രാവും പകലും ഊണും ഉറക്കവും ഉപേക്ഷിച്ച് പണിയെടുക്കുന്ന ധാരാളമാളുകളുണ്ടിന്ന് കേരളത്തില്‍. അക്കൂട്ടത്തില്‍ ഒരാളാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ എന്‍ വാസുകി ഐഎഎസ്.

ഒരു മാലാഖയെപ്പോലെയാണ് കളക്ടര്‍ തങ്ങള്‍ക്കുവേണ്ടി ഓടിനടന്ന് സേവനം ചെയ്യുന്നതെന്ന് അവരുടെ സേവനം അനുഭവിച്ചറിഞ്ഞവര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി. അതുപോലെ തന്നെ അവരോടൊപ്പം നിന്ന്, തങ്ങളുടെ കടമയോ ജോലിയോ അല്ലാതിരുന്നിട്ടുകൂടി സേവനം ചെയ്യുന്ന അനേകം വോളണ്ടിയേഴ്‌സും ഉണ്ട്. അവരില്‍ ആരോട് ചോദിച്ചാലും പറയും തങ്ങളുടെ കളക്ടര്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും ധൈര്യവുമാണ് ഇതെല്ലാം ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്.

അതിന് തെളിവായി അവരൊരു വീഡിയോയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്ന വോളണ്ടിയേഴ്‌സിനോട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐ.എ.എസ് പറഞ്ഞ വാക്കുകള്‍. അതിപ്പോള്‍ കേരളം മുഴുവന്‍ വൈറലാവുകയും ചെയ്തു.

വാസുകി പറയുന്നതിങ്ങനെ…

നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് മനസിലാകുന്നുണ്ടോ, മനസിലാക്കിയിട്ടുണ്ടോ..നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. നമ്മുടെ കേരളത്തിലെ മലയാളികള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ലോകത്തിന് തന്നെ കാണിച്ചുകൊടുക്കുകയാണ്. ഇത്രയും വോളണ്ടിയര്‍മാര്‍, ദുരിതാശ്വാസ സാധനങ്ങള്‍ കേരളത്തില്‍ നിന്നും പോകുന്നതെന്ന് പറഞ്ഞാല്‍ അതൊരു അന്താരാഷ്ട്ര വാര്‍ത്തയാണ്.

സ്വാതന്ത്ര്യത്തിന് നമ്മള്‍ എങ്ങിനെ പോരാടിയോ അതുപോലെ പട്ടാളക്കാരെപോലെയാണ് നിങ്ങളെല്ലാവരും നില്‍ക്കുന്നത്. അത്ഭുതപ്പെടുന്നതാണ് നിങ്ങളുടെ പ്രവൃത്തി. നിങ്ങളുടെ പ്രവൃത്തി മൂലം സര്‍ക്കാരിനു ലഭിച്ച ഗുണമെന്താണെന്ന് വെച്ചാല്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ടിയിരുന്ന പണം ലാഭിച്ചു.

എയര്‍പോര്‍ട്ടില്‍ വരുന്ന സാധനങ്ങള്‍ കയറ്റാനും ഇറക്കാനും 400 ഓളം സന്നദ്ധസേവകരാണ് ഉള്ളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടാനുകോടിയായിരിക്കും ലേബര്‍ ചാര്‍ജ്. അത്രയും സേവനം നിങ്ങള്‍ സര്‍ക്കാരിന് ചെയ്തു നല്‍കുന്നുണ്ട്. ഒരുപാട് സമയം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ക്ഷമചോദിക്കുന്നു.

എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ കോളജില്‍ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവച്ചാല്‍ ഞാന്‍ ഒപ്പോട് എന്നുപറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് എന്നു പറയണം. കളക്ടര്‍ ഉറക്കെ പറഞ്ഞു, ഓപ്പോട്, ക്യാമ്പ് ഏറ്റുവിളിച്ചു.. ഓഹോയ്…

തങ്ങളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വാസുകി പ്രസംഗം അവസാനിപ്പിച്ചത്. വാസുകിയുടെ തമിഴ് ചുവ മലയാളവും ഇംഗ്ലീഷും കലര്‍ന്ന പ്രസംഗത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ കേരളം മുഴുവനും ഏറ്റുവിളിക്കുന്നു… ഓപ്പോട്…ഓഹോയ്…

Related posts