അമ്പലപ്പുഴ: ഏറ്റുമുട്ടലുകൾ ക്രിയാത്മകമാകണമെന്നും എന്നാൽ, ഇന്നു കണ്ടുവരുന്നത് ശത്രുതാപരമായ വൈരുധ്യമാണെന്നും ജി. സുധാകരൻ. ബ്രദർ മാത്യു ആൽബിന്റെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ‘പെനുവൽ’ (ദൈവത്തിന്റെ മുഖം) പ്രകാശനം ശാന്തിഭവൻ അങ്കണത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര സ്ഥാനങ്ങളിൽ കയറിക്കൂടി ജനങ്ങളോട് അനീതി കാണിക്കുന്നവരാണ് ഭൂരിഭാഗവും. പുതിയ തലമുറയ്ക്ക് ഉണർവേകാൻ പറ്റിയ ഫിലോസഫർമാർ ആരും ഇന്നില്ല. സ്വന്തം കാര്യം നോക്കാനാണ് എല്ലാവർക്കും താത്പര്യം. ഭൗതിക പ്രതിഭാസങ്ങളെ മാറ്റിമറിക്കാം. എന്നാൽ, മനുഷ്യമനസുകളെ മാറ്റിമറിക്കാനാണ് പ്രയാസം.
രക്തപ്പുഴ ഒഴുക്കിയ ജീവിതത്തിൽനിന്നു കാരുണ്യത്തിന്റെ തേൻമഴ പെയ്യിക്കുന്ന പരിണാമമാണ് ബ്രദർ മാത്യു ആൽബിന്റെ ജീവിതമെന്നും മനഃസമാധാനത്തിന്റെ ബിംബമാണ് ശാന്തി ഭവനെന്നും ജി. സുധാകരൻ പറഞ്ഞു. സാബർമതി സാംസ്കാരിക സമിതി പ്രസിഡന്റ് ജോസഫ് മാരാരിക്കുളത്തിന് പുസ്തകത്തിന്റെ കോപ്പി നൽകി ജി. സുധാകരൻ പുസ്തക പ്രകാശനം നിർവഹിച്ചു.
ശാന്തിഭവൻ ട്രസ്റ്റി കൈനകരി അപ്പച്ചൻ അധ്യക്ഷനായി. ഐഎംഎസ് ധ്യാനഭവൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് ചന്തൻ, സെന്റ് ജോൺ മരിയ വിയാനി ചർച്ച് വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ് തെക്കേപാലയ് ക്കൽ, കവി അലിയാർ എം. മാക്കിയിൽ, രാജു പള്ളിപ്പറമ്പിൽ, വാർഡ് മെംബർ ജെസി സോണി, പി.എ. കുഞ്ഞുമോൻ, ബേബി പറക്കാടൻ, ഷാജി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

