ഓടുന്ന ബസിൽ വെച്ച് പെൺകുട്ടിയുടെ കൈയിൽ പിടിച്ച് സംസാരിക്കുന്ന തെലങ്കാന കോൺഗ്രസ് എംഎൽഎയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതൊടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കോൺഗ്രസ് എംഎൽഎ മാൽറെഡ്ഡി രംഗ റെഡ്ഡിയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘മഹാലക്ഷ്മി’ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താൻ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർ.ടി.സി) ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ വനിതാ യാത്രികരുമായി സംസാരിച്ച എംഎൽഎ, ബസിൽ നിന്നിരുന്ന ഒരു പെൺകുട്ടിയുടെ കൈയിൽ പിടിച്ചു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
സൗജന്യ യാത്ര മൂലം കോളേജിലേക്കുള്ള യാത്രാച്ചെലവിൽ പ്രതിവർഷം 45,000 രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് പെൺകുട്ടി എംഎൽഎയോട് പറഞ്ഞു. ഈ സംഭാഷണ വേളയിലുടനീളം എംഎൽഎ പെൺകുട്ടിയുടെ കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു.
എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ 70 കാരനായ എംഎൽഎ തള്ളി. സ്വന്തം മക്കളെപ്പോലെ കാണുന്ന പെൺകുട്ടികളോടുള്ള സ്നേഹപൂർവ്വമായ ഇടപെടലിനെ ചിലർ ബോധപൂർവ്വം വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷമായ ബിആർഎസ് പാർട്ടിയാണ് വീഡിയോയ്ക്ക് പിന്നിലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ‘ഷീ ടീംസ്’ (SHE Teams) വിഷയത്തിൽ ഉടൻ ഇടപെടണമെന്നും, സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുക്കണമെന്നും ബിആർഎസ് ജനറൽ സെക്രട്ടറി ആർഎസ് പ്രവീൺ കുമാർ ആവശ്യപ്പെട്ടു. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
