ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നു കയറിയിട്ടുണ്ട് ! രൂക്ഷ വിമര്‍ശനവുമായി എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി

ആര്‍എസ്എസുകാരേക്കാള്‍ അറപ്പുളവാക്കുന്നവര്‍ സിപിഎമ്മില്‍ കടന്നുകയറിയിട്ടുണ്ടെന്ന് തുറന്നടിച്ച് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി. ബിസിനസ് രാഷ്ട്രീയമാണ് സിപിഎമ്മില്‍. എറണാകുളം പിറവത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തിനെതിരേ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വിമര്‍ശനം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു നേരെയുണ്ടായ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് സിപിഐ പിറവത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ സിപിഎമ്മിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനെത്തി. അക്രമികളെ സിപിഎം സംരക്ഷിക്കുന്നെന്ന വിമര്‍ശനമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിന്റെ കാതല്‍. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കാലുകുത്താനാകാത്ത സ്ഥിതിയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതി ഒഴിവാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. പിറവം നഗരസഭ കൗണ്‍സിലര്‍ മുകേഷ് തങ്കപ്പന്‍ ഉള്‍പ്പെടെയുളളവര്‍ക്കു നേരെയുണ്ടായ അക്രമണമാണ് എറണാകുളത്ത് വീണ്ടും സിപിഎം-സിപിഐ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.

Related posts