പരവൂർ: കൊക്കകോളയും പെപ്സികോയും വർഷങ്ങളായി ആധിപത്യം പുലർത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്ക്സ് വിപണിയിലേക്ക് പുതിയ വെല്ലുവിളിയുമായി പ്രമുഖ ഇന്ത്യൻ കമ്പനിയായ ഐടിസി രംഗപ്രവേശം ചെയ്യുന്നു. കേരളത്തിന്റെ സ്വന്തം കരിക്കിൻ വെള്ളത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന നാളികേരാധിഷ്ഠിത കാർബണേറ്റഡ് പാനീയമാണ് കമ്പനി വിപണിയിലിറക്കുന്നത്.
ബി നാച്ചുറൽ കോക്കനട്ട് കോള എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാനീയം നിലവിൽ വിപണിയുടെ 90 ശതമാനവും നിയന്ത്രിക്കുന്ന യുഎസ് വമ്പന്മാർക്ക് കടുത്ത മത്സരമുയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻകിട കമ്പനികൾ വിപണി കൈയാളുന്ന ഈ മേഖലയിലേക്ക് ഐടിസി എത്തുന്നതോടെ കേരളത്തിലെ നാളികേര കർഷകർക്കും പുതിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.
കടുത്ത മത്സരമുള്ള കോളാ വിഭാഗത്തിലാണ് ചുവടുവെയ്ക്കുന്നതെങ്കിലും പരമ്പരാഗത കോളകളെപ്പോലെ അമിതമായ ഫിസ് (ഗ്യാസ്) ഐടിസിയുടെ കോക്കനട്ട് കോളയ്ക്കില്ല. നിലവിലുള്ള പ്രമുഖ ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കുന്നതിന് പകരം കരിക്കിൻ വെള്ളവും കോളാ ഫ്ലേവറും സമന്വയിപ്പിച്ച് തികച്ചും പുതിയൊരു ഉപഭോക്തൃ വിഭാഗം സൃഷ്ടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
കുറഞ്ഞ കലോറിയുള്ളതും കൃത്രിമമായി പഞ്ചസാര ചേർക്കാത്തതുമായ, ആരോഗ്യകരമായ ഒരു ബദൽ പാനീയമായാണ് ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് ഓട്സ് ചേർത്ത ബ്രേക്ക്ഫാസ്റ്റ് സ്മൂത്തി, മാമ്പഴക്കഷ്ണങ്ങൾ അടങ്ങിയ മാംഗോ സ്മൂത്തി എന്നിവ അവതരിപ്പിച്ച് വിപണിയിൽ ശ്രദ്ധനേടിയ ഐടിസിയുടെ നവീനമായ തന്ത്രങ്ങളുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ചും വിലയിരുത്തപ്പെടുന്നത്.
വിപണിയിലെ മറ്റ് കോള ബ്രാൻഡുകളുമായി കടുത്ത വിലയുദ്ധത്തിന് ഐടിസി മുതിരുന്നില്ലെന്നാണ് വ്യവസായ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിപണിയിൽ കൊക്കകോളയുടെ 300 മില്ലി ക്യാനിന് 38 രൂപ വിലയുള്ളപ്പോൾ, ഐടിസി തങ്ങളുടെ ബി നാച്ചുറൽ കോക്കനട്ട് കോളയുടെ 250 മില്ലി ക്യാനിന് 60 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതൊരു പ്രീമിയം ഉൽപ്പന്നമായാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. അതിനാൽ തന്നെ നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ചില ക്വിക്ക്-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മാത്രമായിരിക്കും ഈ പാനീയം ലഭ്യമാകുക.
റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പുനരവതരിപ്പിച്ച കാമ്പാ കോള വിപണിയിൽ തിരിച്ചെത്തി രണ്ട് വർഷത്തിനുള്ളിൽ 4,700 കോടി രൂപയുടെ വാർഷിക വരുമാനത്തോടെ ഇന്ത്യയിലെ നാലാമത്തെ വലിയ ബ്രാൻഡായി മാറിയിരുന്നു. വിപണിയിൽ പെപ്സിക്കും കൊക്കകോളയ്ക്കും പിന്നിൽ കാമ്പാ കോള ശക്തമായി നിലയുറപ്പിക്കുന്ന സാഹചര്യത്തിലാണ് വ്യത്യസ്തമായ നാളികേര ഫ്ലേവറുമായി ഐടിസിയുടെ ഈ കടന്നുവരവ്.
കൃത്രിമ പാനീയങ്ങൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇതിനില്ലെങ്കിലും, സാധാരണ സോഫ്റ്റ് ഡ്രിങ്കുകൾ നൽകുന്ന കാർബണേറ്റഡ് അനുഭവം പൂർണമായി നൽകാത്തത് വിപണിയിൽ ഈ പാനീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
- എസ് ആർ. സുധീർ കുമാർ
