ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്തുവച്ചുതന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിനുശേഷമായിരുന്നു അവരുടെ പ്രതികരണം; നടിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിയുടെ ഭാര്യ രംഗത്ത്

വിമാനത്തില്‍ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയായ ബോളിവുഡ് നടി സൈറ വസീമിനെതിരെ വിമര്‍ശനവുമായി പ്രതി വികാസ് സച്ച്ദേവിന്റെ ഭാര്യ രംഗത്ത്. പൊതുജനമധ്യത്തില്‍ ആളാവാന്‍ വേണ്ടിയാണ് സൈറ ഇങ്ങനെ ചെയ്തതെന്നാണ് ദിവ്യ സച്ച്ദേവ് പറയുന്നത്. പ്രശസ്തി ഉപയോഗിച്ചാണ് സൈറ തന്റെ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വികാസിനെതിരെ തെറ്റായ ആരോപണമാണ് സൈറ ഉന്നയിക്കുന്നതെന്നും ദിവ്യ പറഞ്ഞു. സൈറ വസീമിനെതിരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തില്‍ ഇക്കഴിഞ്ഞ ദിവസമാണ് 39കാരനായ വികാസ് സച്ച്ദേവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വികാസ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും ദിവ്യ പറഞ്ഞു. ‘അദ്ദേഹത്തിന്റെ അമ്മാവന്‍ മരിച്ചുപോയതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു. അദ്ദേഹം ആകെ ക്ഷീണിതനായിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് ആവശ്യപ്പെട്ടു. സൈറയുടെ പ്രതികരണം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പോലീസ് എന്റെ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്’. ദിവ്യ പറഞ്ഞു.

‘ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍ പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്’. ദിവ്യ ചോദിക്കുന്നു. ‘എന്റെ അച്ഛന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ്. എന്റെ ഭര്‍തൃപിതാവ് മുന്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥനാണ്. ഞങ്ങള്‍ക്കറിയാം സ്ത്രീകളെ ബഹുമാനിക്കണമെന്ന്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് ഞങ്ങളുടെ കുടുബം. എന്റെ ഭര്‍ത്താവ് കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. 9 വയസായ കുട്ടിയുടെ ഞങ്ങള്‍ക്ക്. വികാസിന് ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ സാധിക്കില്ല.’ ദിവ്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് ബോളിവുഡ് നടി സൈറ വസീം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടര്‍ന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു. സൈറയുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Related posts