ചാത്തന്നൂർ: കൊതുകുനിവാരണം ലക്ഷ്യമാക്കി ശനിയാഴ്ചകൾ ഡ്രൈ ഡേ ആയി ആചരിക്കാൻ കെഎസ്ആർടിസി. ഡങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ കൊതുകു പരത്തുന്ന രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേ ആചരണം. പകർച്ച പനി പ്രതിരോധത്തിന്റെയും കൊതുകുനിവാരണത്തിന്റെയും ഭാഗമായാണ് ഇത്.
ഡ്രൈ ഡേ ദിവസം ജീവനക്കാർ, ഡിപ്പോ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും കൊതുകു വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കണം. പഴയ ടയറുകൾ, മറ്റ് സ്പെയർ പാർട്സുകൾ എന്നിവയിൽ മഴ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം. പ്ലാസ്റ്റിക് കപ്പുകൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണം.
വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ മൂടണം. ഡ്രെയിനേജിലെ തടസങ്ങൾ നീക്കി ജലം ഒഴുക്ക് സുഗമമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു നാശിനികളോ ബ്ലീച്ചിംഗ് പൗഡറോ തളിക്കണം.
ഡിപ്പോയിലും വർക്ക് ഷോപ്പുകളിലും ശുചീകരണം നടത്തുകയും ശുചിത്വം പാലിക്കുകയും വേണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കൊതുകു നശീകരണത്തിന്റെയും പകർച്ചവ്യാധി പ്രതിരോധത്തിന്റെയും ഭാഗമായി കെഎസ്ആർടിസി ഡിപ്പോ അധികൃതർ ചെയ്യേണ്ടത്.
ഡിപ്പോയിലെത്തുന്ന യാത്രക്കാരെയും ജീവനക്കാരെയും കൊതുകുകളിൽനിന്നും രക്ഷിക്കുകയും പകർച്ചപ്പനികളെ പ്രതിരോധിക്കാനുമാണ് ലക്ഷ്യം.
- പ്രദീപ്ചാത്തന്നൂർ
