പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലെ റെയിൽവേ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനായി 200 ബ്രോഡ്ഗേജ് എൽഎച്ച്ബി കോച്ചുകൾ നൽകാൻ ഇന്ത്യൻ റെയിൽവേ.915 കോടി രൂപയുടെ ബൃഹത്തായ കരാറിന്റെ ഭാഗമായാണ് ഈ നടപടി. യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2027 ഡിസംബറോടെ മുഴുവൻ കോച്ചുകളുടെയും വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വസാനത്തോടെയോ വരും മാസത്തിന്റെ തുടക്കത്തിലോ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കും. ഇന്ത്യൻ റെയിൽവേയുടെ പ്രമുഖ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് ഈ ആധുനിക കോച്ചുകൾ നിർമിക്കുന്നത്.
മുൻപ് ബംഗ്ലാദേശിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചിരുന്നുവെങ്കിലും, നിലവിലെ പുതിയ സാഹചര്യത്തിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ 20 കോച്ചുകളടങ്ങിയ ട്രെയിൻ സെറ്റാണ് അയയ്ക്കുക. പഴക്കമേറിയ കോച്ചുകൾ മാറ്റി പുതിയവ വിന്യസിക്കുന്നതോടെ ധാക്കയെയും വടക്കൻ ജില്ലകളെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ ബംഗ്ലാദേശ് റെയിൽവേ പദ്ധതിയിടുന്നുണ്ട്. മുൻപ് 120 ബ്രോഡ്ഗേജ് പാസഞ്ചർ കോച്ചുകളും നിരവധി എഞ്ചിനുകളും ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായി കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ സർവീസ് നടത്തിയിരുന്ന മൈത്രി എക്സ്പ്രസ് ട്രെയിൻ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2008-ൽ ആരംഭിച്ച ഈ ട്രെയിൻ സർവീസ് മേഖലയിലെ അശാന്തിയെത്തുടർന്ന് താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
അതോടൊപ്പം ബംഗ്ലാദേശി പൗരന്മാർക്ക് വിനോദസഞ്ചാര വിസകൾ പുനരാരംഭിച്ചതായും അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കൽ വിസകൾ നൽകുന്നത് തുടരുമെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി വ്യക്തമാക്കിയിട്ടുണ്ട്.ഏറ്റവും പുതിയ ഭരണമാറ്റത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാനുള്ള ശ്രമങ്ങളിലാണ് ബംഗ്ലാദേശ് സർക്കാർ.
റെയിൽവേ മേഖലയിലെ സഹകരണത്തിന് പുറമെ, പ്രസ്തുത മേഖല നേരിടുന്ന കടുത്ത ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി ഈ വർഷം മാർച്ചിൽ 5,000 ടൺ ഡീസൽ ഇന്ത്യ ബംഗ്ലാദേശിലേക്ക് അയച്ചിരുന്നു. കൂടുതൽ പാസഞ്ചർ കോച്ചുകളും എഞ്ചിനുകളും വാങ്ങി റെയിൽ ശൃംഖല വികസിപ്പിക്കാൻ ബംഗ്ലാദേശ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിന് പുതിയ തലങ്ങൾ കൈവരുകയാണ്.
