സാമ്രാജ്യം ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വന്നു ! അഡ്വാന്‍സ് നല്‍കുകയും ചെയ്തു; സിനിമ നടക്കാതെ പോയത് തന്റെ പിടിപ്പുകേടു കൊണ്ടു മാത്രമെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍…

മലയാള സിനിമയിലെ വമ്പന്‍ഹിറ്റുകളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം. മലയാള സിനിമയിലെ എക്കാലത്തെയും ഡോണ്‍ മൂവികളില്‍ മുന്‍നിരയിലാണ് സാമ്രാജ്യത്തിന്റെ സ്ഥാനം. ഈ സിനിമ ബോളിവുഡിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ജോമോനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെച്ച് സിനിമ ചെയ്യണമെന്നും ബിഗ്ബി ആവശ്യപ്പെട്ടിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ കാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗരറ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക് കടന്നു വരുന്നത്. അന്ന് ഞാന്‍ 24 വയസ്സുള്ള ഒരു പീക്കിരി പയ്യനാണ്. എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന് മനസ്സിലായില്ല.

മേക്കപ്പ് ബോയി ആണെന്ന് കരുതി തിരിച്ചുപോയി. അപ്പോഴും ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാതെ ഞാന്‍ തരിച്ചിരിക്കുകയാണ്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സോറി സോറി എന്ന് പറഞ്ഞുകൊണ്ട് ബച്ചന്‍ സാര്‍ തിരികെ വന്നു. എന്റെ അടുത്തെത്തി കെട്ടിപ്പിടിക്കാന്‍ കൈനീട്ടി. അങ്ങനെ ഇന്ത്യന്‍ സിനിമയിലെ അഭിനയ വിസ്മയത്തെ ഞാന്‍ കെട്ടിപ്പിടിച്ചു”ജോമോന്‍ പറഞ്ഞു.

അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെക്കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെക്കുറിച്ചുമാണ് സംസാരിച്ചത്. അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ എടുക്കാന്‍ അഡ്വാന്‍സ് തന്നു. പക്ഷേ എന്തുകൊണ്ടോ ചിത്രം വര്‍ക്കൗട്ട് ആയില്ല എന്നാണ് അദ്ദേഹം പറയുന്നത്. താന്‍ വേണ്ട രീതിയില്‍ ഫോളോ അപ്പ് ചെയ്യാത്തതാണ് ചിത്രം യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മടികാരണം ചെന്നൈയിലും ജന്മനാടായ കോഴിക്കോടും മാത്രമായി എന്റെ കലാജീവിതം ഒതുങ്ങിപ്പോയെന്നാണ് ജോമോന്‍ പറയുന്നത്. 1990ല്‍ പുറത്തിറങ്ങിയ സാമ്രാജ്യം വലിയ വിജയമായിരുന്നു. അധോലോക രാജാക്കന്മാരുടെ കുടിപ്പകയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത അനശ്വരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്കിലും ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Related posts