കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നു പരാതി.ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവുമൂലം കോഴിക്കോട് വാണിമേല്‍ പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് (45)ആണ് മരിച്ചത്. ഭാര്യ ഷിജില മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും സഹോദരന് റിജിലേഷ് മെഡിക്കല്‍ കോളജ് പോലീസിനും പരാതി നല്കി.
വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായി 2025 ഓഗസ്റ്റില്‍ റീജിത്തിനെ മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടതുഭാഗത്തെ കല്ലാണ് നീക്കേണ്ടിയിരുന്നത്.എന്നാല്‍ ഡോക്ടര്‍മാര്‍ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും വീണ്ടും ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോള്‍ തങ്ങളുടെ സമ്മതം കൂടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നും ഷിജിലയും റിജിലേഷും പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിതിനു പിന്നാലെയാണ് വീണ്ടുമൊരു ചികിത്സാപിഴവ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.റീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോള്‍ വലതുവശത്ത് വലിയ ദ്വാരമുണ്ടാക്കി പൈപ്പ് ഇട്ടിരുന്നു. അവിടെ നിന്ന് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ നിന്നു ഡിസ്ചാര്‍ജാക്കി. പഴുപ്പ് നിലയ്ക്കാത്തതുകൊണ്ട് വീണ്ടും അഡ്മിറ്റാക്കി.
ഈ സമയത്ത് തങ്ങളുടെ സമ്മതമില്ലാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ഭര്‍ത്താവിന് എന്താണ് പറ്റിയതെന്നു ചോദിക്കുമ്പോള്‍ ഇതൊക്കെ സാധാരണയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതെന്ന് ഷിജില പറഞ്ഞു. രണ്ടു ഭാഗത്തും നടത്തിയ ശസ്ത്രക്രിയകള്‍ക്കു ശേഷം ഇരു ഭാഗത്തും പഴുപ്പും നീര്‍ക്കെട്ടുമുണ്ടായി.പിന്നീട് ഡോക്ടറെ കണ്ടപ്പോഴൊക്കെ വീട്ടില്‍ പോയി വിശ്രമിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്.രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞമാസം 18ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായിയെന്നും ശ്വാസകോശത്തിനും വൃക്കകള്‍ക്കും അണുബാധയുണ്ടായി ഭര്‍ത്താവ് മരിക്കുകയായിരുന്നുവെന്നും ഷിജില വ്യക്തമാക്കി. .
