ചെന്നൈ: കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള ‘വഞ്ചന’ ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി വിടുകയാണെന്ന് ഡിഎംകെ. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളിൽ ഇനി പങ്കെടുക്കേണ്ടതില്ലെന്നും പാർട്ടിയുടെ വഴി ഇനി പൂർണമായും സ്വതന്ത്രമാണെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിഎംകെ വ്യക്തമാക്കി.
തമിഴ്നാട്ടിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളും, ടിഎൻസിസി അധ്യക്ഷൻ ബി. മാണികം ടാഗോർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ വിമർശനങ്ങളുമാണ് മുന്നണി വിടാൻ പ്രധാന കാരണമെന്ന് ഡിഎംകെ വ്യക്തമാക്കി.
സഖ്യത്തിൽ തുടർന്നുകൊണ്ട് കോൺഗ്രസ് മറ്റൊരു പാർട്ടിയുടെ ‘സ്ലീപ്പർ സെൽ’ പോലെയാണ് പ്രവർത്തിച്ചതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. മന്ത്രിക്കസേരയ്ക്ക് വേണ്ടി സഖ്യത്തിന്റെ മര്യാദകൾ ലംഘിച്ച കോൺഗ്രസിന്റെ ഈ നിലപാടിനെതിരെ ശക്തമായ മുന്നറിയിപ്പാണ് പാർട്ടി നൽകിയിരിക്കുന്നത്.
