ന്യൂഡൽഹി: പുതുക്കിയ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചത് കേന്ദ്ര സർക്കാരിന് രാഷ്ട്രീയ നേട്ടമായി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ പാസാക്കിയെടുക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്താൻ ഡിഎംകെയുടെ 22 ലോക്സഭാ എംപിമാരുടെ പിന്തുണ എൻഡിഎ മുന്നണിക്ക് നിർണായകമാകും.
ലോക്സഭയിലെ തമിഴ്നാടിന്റെ നിലവിലുള്ള 7.18% സീറ്റ് വിഹിതം കുറയ്ക്കരുതെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സീറ്റ് അനുപാതം അടുത്ത 25 വർഷത്തേക്ക് കൂടി മരവിപ്പിക്കണമെന്നുമായിരുന്നു ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകൾ ആനുപാതികമായി 50% വർധിപ്പിക്കാനും പുനർനിർണയം 25 വർഷത്തേക്ക് മരവിപ്പിക്കാനും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ ഭേദഗതി ബില്ലിൽ വ്യവസ്ഥയുള്ളതായാണ് റിപ്പോർട്ടുകൾ.
മധുരിച്ചിട്ടിറക്കണോ, കയ്ച്ചിട്ട് തുപ്പണോ? മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടികൾ ആശയക്കുഴപ്പത്തിൽ
മൂന്നാമതും അധികാരത്തിലേറിയ മോദി സർക്കാരിന്റെ ശക്തി പരീക്ഷണം അഥവാ ലിറ്റ്മസ് ടെസ്റ്റായിരുന്നു മണ്ഡല പുനർനിർണയ ബിൽ അഥവാ നാരീശക്തി വന്ദൻ അധിനിയം. ബില്ലുകൾ പാസാക്കിയെടുക്കാൻ സഭയിൽ ബിജെപിക്ക് ഉണ്ടായിരുന്ന അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ട സന്ദർഭമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ പ്രസ്തുത ബിൽ വോട്ടിനിട്ട സമയം.
വോട്ടിംഗിൽ പങ്കാളികളായ 528 അംഗങ്ങളിൽ 298 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 അംഗങ്ങൾ പ്രതികൂലിച്ച് വോട്ട് ചെയ്തു. തത്ഫലം ഭരണഘടന ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം അഥവാ 352 എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ ആകാതെ ബിൽ പരാജയപ്പെട്ടു. അന്നത് പ്രതിപക്ഷത്തിന്റെ വലിയ വിജയമായി ആഘോഷിക്കപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തിനായുള്ള സർക്കാരിന്റെ പരിശ്രമത്തെ പ്രതിപക്ഷം ഒറ്റക്കട്ടായി നിന്ന് അട്ടിമറിച്ചതായി വിലപിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സന്ദർഭം കൂടിയായിരുന്നു അത്. ആലങ്കാരികമായി പറഞ്ഞാൽ പ്രതിപക്ഷ പാർട്ടികൾക്ക് ഒരു ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ച് ആഘോഷിക്കാനുള്ള വക ആ വിജയം നൽകി. അവരിൽ ചിലരൊക്കെ അത് ആഘോഷിക്കുകയും ചെയ്തു. വിവാദമായ പൗരത്വ ഭേദഗതി ബിൽ, ജമ്മു കാഷ്മീർ പുനഃസംഘടനാ ബിൽ, കാർഷിക നിയമങ്ങൾ എന്നിങ്ങനെ അസംഖ്യം ബില്ലുകൾ പാസാക്കിയെടുക്കാൻ മുൻ കാലങ്ങളിൽ കാര്യമായ വെല്ലുവിളികൾ നേരിടാതിരുന്ന മോദി സർക്കാരിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിച്ചതിന് രാജ്യം സാക്ഷ്യം വഹിച്ച സന്ദർഭം കൂടിയായിരുന്നു അത്. വലിയൊരു ഇടവേളയ്ക്ക് ഒടുവിൽ രാജ്യത്തിനൊരു പ്രതിപക്ഷമുണ്ടെന്ന് ഇന്നാട്ടില്ലെ ജനാധിപത്യ വിശ്വാസികൾ ഊറ്റം കൊണ്ടിരുന്ന സമയം. എന്നാലിന്ന് സ്ഥിതി അങ്ങനെയാണെന്ന് കരുതാനാകില്ല!
ദേശീയ രാഷ്ട്രീയത്തിലെ സസ്പെൻസുകൾ
പശ്ചിമ ബംഗാളിലും, കേരളത്തിലും തമിഴ്നാട്ടിലും പിന്നെ പുതുച്ചേരിയിലും ആസാമിലും നടന്ന തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ചില സംഭവ വികാസങ്ങളൊക്കെയുണ്ടായി. അതിൽ പ്രധാനം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് സംഭവിച്ച പതനമാണ്. ബിജെപി 131 സീറ്റുകൾ അധികം നേടി 208 സീറ്റുകളോടെയാണ് പശ്ചിമ ബംഗാളിൽ അധികാരമുറപ്പിച്ചത്. തൃണമൂൽ കോൺഗ്രസിനാകട്ടെ നഷ്ടമായത് 135 സീറ്റുകളാണ്. അതിൽ ടിഎംസിയുടെ സർവാധികാരിയായി വിരാജിച്ച മമത ബാനർജിയുടെ ഭവാനിപൂർ മണ്ഡലവും ഉൾപ്പെടുന്നുണ്ട്.
2021-ലെ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി, ഇത്തവണ മമതയുടെ തട്ടകമായ ഭവാനിപൂരിൽ എത്തിയാണ് രണ്ടാം തവണയും അവരെ പരാജയപ്പെടുത്തിയത്. അതും 15,105 വോട്ടുകൾക്ക് ! ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇന്ത്യ സഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾക്കിടെ സാക്ഷാൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പോലും നിഷ്പ്രഭരാക്കാൻ കഴിയും വിധം രാഷ്ട്രീയ കൈക്കരുത്തുണ്ടായിരുന്ന മമത ബാനർജിയാണ് വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം നിലംപരിശായി പോയത് !
തൃണമൂൽ കോൺഗ്രസിലെ അന്തഛിദ്രം
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ മമത നേരിട്ടത് മുൻപെങ്ങും ഇല്ലാത്ത വിധമുള്ള അന്തഛിദ്രമാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ച 80 ടിഎംസി എംഎൽഎമാരിൽ 60 പേർ മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവായി മമത ബാനർജി നിർദേശിച്ച മുതിർന്ന നേതാവ് ശോഭൻദേവ് ചതോപാധ്യായയെ തള്ളിക്കളഞ്ഞ വിമത പക്ഷം, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.
2026 ജൂണിൽ നിയമസഭാ സ്പീക്കർ വിമത വിഭാഗത്തെ അംഗീകരിക്കുകയും ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം കോൽക്കത്ത ഹൈക്കോടതി ഈ നിയമനം റദ്ദാക്കുകയും വിഷയം പുനഃപരിശോധിക്കാൻ സ്പീക്കറോട് നിർദേശിക്കുകയും ചെയ്തിരുന്നു. വിമത വിഭാഗം സമാന്തര സംഘടനാ സംവിധാനം രൂപീകരിക്കുകയും യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിക്കുകയും, മമത വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്നും ഋതബ്രത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്നും താത്കാലിക പേരുകൾ നൽകുകയും ചെയ്തു.
ലോക്സഭയിലെ 28 ടിഎംസി എം.പിമാരിൽ 20 പേർ കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പാർട്ടി വിടുകയും എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് ചിക് ബറായിക് എന്നിവർ രാജ്യസഭാംഗത്വവും പാർട്ടിയും രാജിവെച്ച് ബിജെപിയിൽ ചേർന്നു. പാർട്ടിയിലെ തീരുമാനങ്ങൾ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐ-പാക്കും ഏകപക്ഷീയമായി എടുക്കുന്നതിലുള്ള മുതിർന്ന നേതാക്കളുടെ അസംതൃപ്തിയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് വിമത എംഎൽഎമാർ ആരോപിക്കുന്നു. ഇതിനുപുറമെ കോൽക്കത്ത മേയറായിരുന്ന ഫിർഹാദ് ഹക്കിം സ്ഥാനമൊഴിഞ്ഞതും, ഫാൽട്ട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ടിഎംസി സ്ഥാനാർത്ഥി പ്രചാരണത്തിൽ നിന്ന് പിന്മാറി പാർട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മമത ബാനർജിക്ക് വലിയ തിരിച്ചടിയായി.
ഡിഎംകെയെ കൈവിട്ട കോൺഗ്രസ്
2026 മേയ് മാസത്തിൽ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് വെറും 48 മണിക്കൂറിനുള്ളിലാണ്, രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഡിഎംകെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ് നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം ഏറ്റവും ഉറച്ചുനിന്നിരുന്ന സഖ്യകക്ഷിയെ കൈവിട്ട ഈ നീക്കത്തെ “രാഷ്ട്രീയ നെറികേടും” “സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യവുമായ” തീരുമാനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്.
2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിഎ രൂപീകരിച്ചതു മുതലുള്ള 22 വർഷത്തെ രാഷ്ടട്രീയ ബാന്ധവമാണ് ഈയൊരൊറ്റ തീരുമാനത്തിലൂടെ കോൺഗ്രസ് അവസാനിപ്പിച്ചത്. 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും തമിഴ്നാട്ടിൽ കോൺഗ്രസിന് വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞത് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിന്റെ കരുത്തിലായിരുന്നു.
കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്ന വിജയ്യുടെ ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ 5 എംഎൽഎമാരുള്ള കോൺഗ്രസിന്റെ പിന്തുണ നിർണായകമായി മാറി. 1967-ൽ അധികാരം നഷ്ടപ്പെട്ട ശേഷം 59 വർഷമായി തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ നിഴലിൽ കഴിയുകയായിരുന്ന കോൺഗ്രസിന്, വിജയ് സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ നേടിയെടുത്ത് വീണ്ടും ഭരണത്തിൽ പങ്കാളിയാകാനുള്ള സുവർണാവസരമായിരുന്നു ഇത്. ഈ അവസരം മുതലെടുത്ത കോൺഗ്രസ് 2026 മേയ് ആറിന് ഡിഎംകെ സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ച് ടിവികെയ്ക്ക് നിബന്ധനകളോടെ പിന്തുണ പ്രഖ്യാപിച്ചു.
ഡിഎംകെയുടെ സമദൂരം
തമിഴ്നാട്ടിലെ രണ്ട് മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടി കോൺഗ്രസ് ബലികഴിച്ചത് ലോക്സഭയിലെ 22 എംപിമാരും രാജ്യസഭയിലെ എട്ട് എംപിമാരുമുള്ള ഡിഎംകെയുടെ പിന്തുണയാണ്. ഇതോടെ ഡിഎംകെ ‘ഇന്ത്യ’ മുന്നണി വിട്ടു. ഒന്നിച്ച് വോട്ട് ചോദിച്ച് മത്സരിച്ച ശേഷം, ഫലം വന്ന് 48 മണിക്കൂറിനുള്ളിൽ ‘ഇന്ത്യ’മുന്നണിയിലെ പ്രധാന നേതാവായ എം.കെ. സ്റ്റാലിനുമായി യാതൊരു കൂടിയാലോചനയും നടത്താതെ കോൺഗ്രസ് മറുകണ്ടം ചാടിയത് കടുത്ത വിശ്വാസവഞ്ചനയായാണ് ഡിഎംകെ നേതൃത്വം വിലയിരുത്തിയത്. ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണയ ബിൽ വീണ്ടും പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമ്പോൾ, കോൺഗ്രസിനോടുള്ള അകൽച്ച കാരണം ഡിഎംകെ ഇപ്പോൾ ബിജെപിയോടും കോൺഗ്രസിനോടും തുല്യ അകലം പാലിക്കുന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്. തമിഴ്നാടിന്റെ സീറ്റ് വിഹിതം കുറയില്ലെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന സൂചനയും ഡിഎംകെ നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ, തമിഴ്നാട്ടിലെ ചെറിയ നേട്ടത്തിന് വേണ്ടി ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് കോൺഗ്രസ് എടുത്തത്.
മഹാരാഷ്ട്രയിലെ പവാർ നാടകം
അജിത് പവാറിന്റെ അപ്രതീക്ഷിത വിമാനാപകട മരണത്തിന് പിന്നാലെ എൻസിപിയിൽ രൂപപ്പെട്ട നേതൃത്വ ശൂന്യതയും അധികാര വടംവലിയും ഇന്ത്യ സഖ്യത്തിന് വെല്ലുവിളിയാണ്. പാർട്ടിയിലെ ഇരുവിഭാഗങ്ങളും ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ ശക്തമാകുന്നതിനിടെ, ശരദ് പവാറിന്റെ അനാരോഗ്യവും രാഷ്ട്രീയ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്. ‘ഇന്ത്യ’ മുന്നണി യോഗത്തിൽ നിന്ന് സുപ്രിയ സുലെ വിട്ടുനിൽക്കുന്നതും, ശരദ് പവാറിന് ശേഷം പാർട്ടിയുടെയും സുപ്രിയയുടെയും രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്രവുമായി ധാരണയിലെത്തുന്നുവെന്ന റിപ്പോർട്ടുകളും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
സുപ്രിയ സുലെയ്ക്ക് കേന്ദ്ര കാബിനറ്റ് പദവിയോ മഹാരാഷ്ട്രയിൽ നിർണായക സ്ഥാനമോ ലഭിക്കുന്നതുമായി ബന്ധപ്പെട്ട അണിയറ നീക്കങ്ങൾ സജീവമാണെന്നാണ് സൂചന. എൻ.ഡിഎയിൽ ഔദ്യോഗികമായി ചേരുന്നതിനെക്കുറിച്ചുള്ള വാർത്തകൾ തത്കാലം നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും, മണ്ഡല പുനർനിർണയ ബില്ലിലെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാർ വിഭാഗം തയ്യാറായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ലോക്സഭാ എംപിമാർക്ക് പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഹാജരാകാൻ വിപ്പ് നൽകിയതും പ്രതിപക്ഷ നിരയിലെ വിള്ളലുകൾ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ, പവാർ കുടുംബത്തിന്റെ നിലപാട് എൻഡിഎ സർക്കാരിന് വലിയ കരുത്താകും. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ ഓരോ വോട്ടും നിർണായകമായിരിക്കുന്ന സാഹചര്യത്തിൽ, ഡിഎംകെയ്ക്കൊപ്പം എൻസിപി ശരദ് പവാർ വിഭാഗത്തിന്റെ എട്ട് എംപിമാരുടെ പിന്തുണ കൂടി ലഭിക്കുന്നത് ബിൽ കടന്നുകൂടാനുള്ള വഴികൾ എളുപ്പമാക്കും.
മാറ്റത്തിന് കളമൊരുങ്ങുന്പോൾ
ഏപ്രിലിൽ 54 വോട്ടുകളുടെ കുറവിൽ വീണുപോയ മണ്ഡല പുനർനിർണയ ബിൽ നവംബർ 30-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ, അത് പാസാക്കിയെടുക്കാൻ മോദി സർക്കാരിന് ഇത്തവണ സാധ്യതകൾ ഏറെയാണ്. 540 അംഗങ്ങളുള്ള നിലവിലെ ലോക്സഭയിൽ എല്ലാവരും വോട്ട് ചെയ്താൽ ഭരണഘടനാ ഭേദഗതി പാസാകാൻ വേണ്ടത് 360 വോട്ടുകളാണ്. ടിഎംസി, ആം ആദ്മി പാർട്ടി, ശിവസേന എന്നിവരിൽ നിന്നുള്ള എംപിമാരുടെ കൂറുമാറ്റത്തോടെ എൻഡിഎയുടെ അംഗബലം ഇതിനോടകം ഏകദേശം 320-ലേക്ക് എത്തിക്കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധനവും 2051 വരെ നിലവിലെ സീറ്റ് അനുപാതം നിലനിർത്തുമെന്ന ഉറപ്പും ബില്ലിൽ ഉൾപ്പെടുത്തിയതോടെ, പ്രതിപക്ഷ നിരയിലുണ്ടായിരുന്ന ഡിഎംകെയുടെ 22 എംപിമാരും ശരദ് പവാർ വിഭാഗത്തിന്റെ എട്ട് എംപിമാരും നിബന്ധനകളോടെ ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകൾ. ചുരുക്കത്തിൽ, ഡിഎംകെയുടെയും എൻസിപിയുടെയും പിന്തുണ കൂടി ചേരുമ്പോൾ സർക്കാരിന് അനുകൂലമായ വോട്ടുകൾ 350 കടന്നേക്കും.
ഇതിന് പുറമേ, വോട്ടെടുപ്പ് സമയത്ത് പ്രതിപക്ഷ നിരയിലെ ഏതാനും അംഗങ്ങൾ സഭയിൽ നിന്ന് വിട്ടു നിന്നാൽ, സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന കടമ്പ എൻഡിഎ അനായാസം മറികടക്കും. പശ്ചിമ ബംഗാളിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് തിരിച്ചടികളും മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സമവാക്യങ്ങളും പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തിയ സാഹചര്യത്തിൽ, ഇന്ത്യൻ പാർലമെന്റിന്റെ ഘടന തന്നെ മാറ്റിയെഴുതുന്ന ഈ നിർണായക ബിൽ ഇത്തവണ ഇരുസഭകളും കടന്ന് നിയമമാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
