ആ കുരുന്നുകളെ ഗുഹയില്‍ നിന്ന് രക്ഷിക്കാന്‍ മുന്നില്‍ നിന് ഡോക്ടര്‍ റിച്ചാര്‍ഡ്‌സിനെ കാത്തിരുന്നത് ദുരന്തവാര്‍ത്ത, അവധിക്കാലം ഒഴിവാക്കി രക്ഷയൊരുക്കാന്‍ എത്തിയ ഡോക്ടറുടെ പിതാവ് മരിച്ചത് തൊട്ടുപിന്നാലെ

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ മുന്നില്‍ നിന്ന ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസിന് എല്ലാം ശുഭമായിട്ടും സന്തോഷിക്കാനായില്ല. കുട്ടികളെ പുറത്തെത്തിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് അദേഹത്തിന്റെ പിതാവ് മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. തായ്‌ലന്‍ഡിലെ തന്റെ അവധിക്കാല ആഘോഷം നിര്‍ത്തി രക്ഷാദൗത്യത്തില്‍ അദ്ദേഹം ഭാഗമായി. ഗുഹയില്‍ കുട്ടികള്‍ക്കൊപ്പം മൂന്ന് ദിവസം താമസിച്ച് അവര്‍ക്ക് വേണ്ട പരിചരണങ്ങളും നിര്‍ദേശങ്ങളും നല്‍കി. ഏറെ ശ്വാസം മുട്ടുന്ന ഈ രക്ഷാദൗത്യത്തില്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏറെ ദുര്‍ബ്ബലരായ കുട്ടികളെ ആദ്യം ഗുഹയ്ക്ക് പുറത്തെത്തിച്ചത്.

ഗുഹയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ഒരാള്‍ ഹാരി എന്നറിയപ്പെടുന്ന ഡോ. ഹാരിസ് ആണ്. ദൗത്യത്തില്‍ ഡോക്ടറുടെ പങ്ക് ഏറെ വലുതാണെന്ന് ചിയാങ് റായ് പ്രവിഷ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഔസോട്ടാനകോണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് ധൈര്യം നല്‍കി ഹാരിസ് കൂടെ ഉണ്ടായിരുന്നത് ഏറെ ആശ്വാസകരമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ ബിബിസിയോട് പറഞ്ഞു.

രക്ഷാദൗത്യം വിജയിച്ചതിന് പിന്നാലെ ഡോക്ടര്‍ക്ക് നന്ദി പറഞ്ഞും പുകഴ്ത്തിയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. അദ്ദേഹത്തിന് ‘ഓസ്‌ട്രേലിയന്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ജനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ഡോക്ടറെ ആദരിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങളും വ്യക്തമാക്കി. മുങ്ങല്‍ വിദഗ്ദനായ ഡോക്ടര്‍ മികച്ച അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറും കൂടിയാണ്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ക്രിസ്തുമസ് ദ്വീപ്, ചൈന എന്നിവിടങ്ങളില്‍ മുങ്ങല്‍ പര്യടനങ്ങളില്‍ ഭാഗമായിട്ടുണ്ട്.

Related posts