പത്തനംതിട്ട: മദ്യവേട്ടക്കിടെ മദ്യപിച്ചു ലക്കു കെട്ട പോലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ടീമിലെ രാഹുൽ, പ്രിയേഷ്, സുമൻ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിഎന്നാണ് പരാതി. ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ചൊവ്വഴ്ച വൈകുന്നേരമാണ് സംഭവം.
. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ ശോഭ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടകരമായ രീതിയിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.
നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിയത്.
സംഭവത്തെത്തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘം എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
