ന്യൂഡൽഹി: ഭൂമിയുടെ സംരക്ഷണവും പരിസ്ഥിതി അവബോധവും ലക്ഷ്യമിട്ട് ഇന്നു ലോകമെമ്പാടും ഭൗമദിനം ആചരിക്കുന്നു. ‘നമ്മുടെ ശക്തി, നമ്മുടെ ഭൂമി’ എന്നതാണ് ഈ വർഷത്തെ ഭൗമദിന സന്ദേശം. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, മലിനീകരണം തുടങ്ങിയ വെല്ലുവിളികൾ വിനാശകരമായി തുടരുന്ന സാഹചര്യത്തിൽ, ഭൗമദിനത്തിനു വലിയ പ്രാധാന്യമാണുള്ളത്.
1969-ലെ സാന്താ ബാർബറ എണ്ണച്ചോർച്ചയെത്തുടർന്ന് അമേരിക്കൻ സെനറ്റർ ഗെയ്ലോർഡ് നെൽസൺ മുൻകൈ എടുത്താണ് ഭൗമദിനത്തിനു തുടക്കം കുറിച്ചത്. 1970 ഏപ്രിൽ 22-ന് അമേരിക്കയിൽ നടന്ന ആദ്യ പ്രകടനത്തിൽ ലക്ഷക്കണക്കിനാളുകളാണു പങ്കെടുത്തത്. തുടർന്ന് അമേരിക്കയിൽ, പരിസ്ഥിതി സംരക്ഷണ ഏജൻസി രൂപീകരിക്കുകയും ചെയ്തു.
1990-ഓടെ പ്രസ്ഥാനം ആഗോളതലത്തിൽ വ്യാപിക്കുകയും ഇന്ന് 190-ലധികം രാജ്യങ്ങളിൽ നൂറു കോടിയിലധികം ആളുകൾ പങ്കുചേരുന്ന ലോകത്തിലെ ഏറ്റവും വലിയ പൗരമുന്നേറ്റമായി മാറുകയും ചെയ്തു. ഭൂമിയെ സംരക്ഷിക്കാൻ വ്യക്തിഗതമായും സാമൂഹികമായും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഭൗമദിനം ഓർമിപ്പിക്കുന്നു. ഗ്രേറ്റ് ഗ്ലോബൽ ക്ലീനപ്പ് പോലുള്ള പദ്ധതികളിൽ പങ്കാളികളായി മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ സജീവമാകുക.
പ്രാദേശികമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക. പരിസ്ഥിതി സാക്ഷരത വർധിപ്പിക്കാനായി സെമിനാറുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുക. പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെയുള്ള ആഗോളശ്രമങ്ങളിൽ പങ്കാളികളാവുക.
“ഭൂമി നമ്മുടെ ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ നൽകുന്നുണ്ട്, എന്നാൽ നമ്മുടെ അത്യാഗ്രഹത്തിനുള്ളതില്ല’ എന്ന മഹാത്മജിയുടെ വാക്കുകൾ ഭൗമദിനത്തിൽ നമ്മുടെയുള്ളിൽ തെളിയട്ടെ. വരുംതലമുറയ്ക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്നു ഭൗമദിനം ഓർമിപ്പിക്കുന്നു.
