ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്തുനിന്നും 35ലേറെ മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ മാറ്റി, കൊല്ലപ്പെട്ടവരില്‍ മുന്‍ ഐഎസ്‌ഐ ഏജന്റും പാക് സൈനികരും, ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ പുറത്ത്

ഇന്ത്യ കഴിഞ്ഞദിവസം പാതിരാത്രി തീവ്രവാദികളുടെ കേന്ദ്രത്തില്‍ നടത്തിയ വ്യോമസേന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ പാക്കിസ്ഥാന്‍ നിഷേധക്കുറിപ്പുകള്‍ ഇറക്കുന്നതിനിടെ ദൃക്‌സക്ഷികളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. സംഭവസ്ഥലത്തുനിന്നും സ്‌ഫോടനത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ മുപ്പത്തിലേറെ മൃതദേഹങ്ങള്‍ മാറ്റിയതായി ഇതിന് സാക്ഷ്യംവഹിച്ച പ്രദേശവാസികളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പൈന്‍ മരങ്ങള്‍ മാത്രമാണ് ഇന്ത്യ തകര്‍ത്തതെന്ന വാദങ്ങള്‍ പൊളിക്കുന്നതാണ് പാക് സ്വദേശികളുടെ വെളിപ്പെടുത്തല്‍. ഭീകരവാദികള്‍ക്കൊപ്പം പാക്കിസ്ഥാന്‍ സൈന്യത്തിലും ഐഎസ്‌ഐയിലും പ്രവര്‍ത്തിച്ചിരുന്ന ചിലരും കൊല്ലപ്പെട്ടെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത കെട്ടിടത്തില്‍ ഇവിടുത്തെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ മുമ്പ് പാക് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 12 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നും വിവരമുണ്ട്.

ആക്രമത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പറയുന്ന പാക് സര്‍ക്കാര്‍ ലോക മാധ്യമങ്ങളെ ഈ സ്ഥലം കാണിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തീരുമാനം മാറ്റുകയും ചെയ്തു. അല്‍ജസീറ, ബിബിസി ലേഖകര്‍ക്ക് സംഭവസ്ഥലത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെ വരെ എത്താനേ സാധിച്ചുള്ളൂ.

ആക്രമണ വിവരം പുറത്തു വന്നതിന് ശേഷം പ്രാദേശിക ഭരണകൂടത്തിലെ വേണ്ടപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും അവിടം നിയന്ത്രണത്തിലാക്കിയ പാക് സൈന്യം അനുവദിച്ചില്ല. ഇവിടേയ്ക്ക് എത്തിയ ആള്‍ക്കാരെ പെട്ടെന്നു തന്നെ പാക് സൈന്യം ഒഴിപ്പിക്കുകയും ഇവിടേക്ക് പോലീസിന് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്തു. വാര്‍ത്തകള്‍ പുറത്തുപോകാതിരിക്കാന്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സ്റ്റാഫുകളുടെ മൊബൈല്‍ഫോണ്‍ വരെ എടുത്തുകൊണ്ടും പോയതായും നാട്ടുകാര്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.

Related posts