നോട്ടുനിരോധനം മൂലം രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്! നോട്ടുനിരോധനം വിജയമെന്ന് കേന്ദ്രം ആവര്‍ത്തിക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വെളിപ്പെടുത്തി കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്

നോട്ടുനിരോധനം കൊണ്ട് ലാഭം മാത്രമേ രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളൂവെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വെളിപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്.

നോട്ട് നിരോധം മൂലം വിത്തുകളും വളവും വാങ്ങാനുള്ള പണമില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും തന്മൂലം കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം നേരിടേണ്ടി വന്നുവെന്നും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. നോട്ട് നിരോധനം സര്‍ക്കാരിന്റെ നേട്ടമാണെന്ന വാദം കേന്ദ്രം ഇപ്പോഴും ആവര്‍ത്തിച്ച് കൊണ്ടിരിക്കെയാണ് കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ മാസം കര്‍ഷകര്‍ വേനല്‍ക്കാലവിളകള്‍ വില്‍ക്കുകയും ഗോതമ്പ് പോലുള്ള ശൈത്യകാലവിളകള്‍ വിതക്കുകയും ചെയ്യുന്ന സമയമായിരുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കര്‍ഷകര്‍ കരുതിവെച്ചിരുന്ന പണം ഉപയോഗശൂന്യമായി.

കറന്‍സിരഹിത ഇടപാടിനെ കുറിച്ച് ധാരണയില്ലാത്ത 26 കോടിയോളം വരുന്ന കര്‍ഷകരെ നടപടി പ്രതിസന്ധിയിലാക്കി. ദേശീയ വിത്ത് കോര്‍പ്പറേഷന്റെ ശേഖരത്തിലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകളും ഇതോടെ വില്‍ക്കാന്‍ പറ്റാതായി. പഴയ നോട്ടുകള്‍ ഉപയോഗിച്ചും വിത്തുകള്‍ വാങ്ങാമെന്ന് കേന്ദ്രം നിയമം കൊണ്ടുവന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

Related posts