പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ ലേലം ചെയ്തു; സോഷ്യല്‍ മീഡിയയുടെ കറുത്തവശങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്ത ഇങ്ങനെ…

സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അവയുടെ ദുരുപയോഗവും വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ ടെക്നോളജി മൂലമുണ്ടായ വളരെ ക്രൂരമായ ഒരു വാര്‍ത്തയാണ് ദക്ഷിണ സുഡാനില്‍ നിന്നും പുറത്തുവരുന്നത്. കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റാണ് ടെക്നോളജിയുടെ ഹിംസാത്മകത വെളിപ്പെടുത്തുന്നത്.

ഒക്ടോബര്‍ 25നാണ് പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സ്വയം ഈ പോസ്റ്റ് നീക്കിയെങ്കിലും ഏറെ വൈകിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് നീക്കിയപ്പോഴേക്കും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു. അഞ്ചു പേരാണ് ലേലത്തില്‍ പങ്കെടുത്തത് എന്നാണ് വിവരം.500 പശുക്കള്‍ മൂന്ന് ആഡംബര കാര്‍,10000 ഡോളര്‍(7 ലക്ഷം രൂപ) എന്നിവ നല്‍കിയ ആള്‍ ലേലം ഉറപ്പിക്കുകയും പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.
വീട്ടുകാര്‍ വിലപറച്ചിലിന് വേണ്ടിയാണ് ഫേസ്ബുക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതെന്നും, ഇത് മനസിലായതിനെ തുടര്‍ന്ന് ആ പോസ്റ്റ് എടുത്ത് മാറ്റുകയും അവരുടെ അക്കൗണ്ട് സ്ഥിരമായി ഒഴിവാക്കുകയും ചെയ്തെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

പോസ്റ്റുകള്‍ വഴിയോ, പേജുകള്‍ വഴിയോ, പരസ്യങ്ങളോ, ഗ്രൂപ്പുകളോ ഏതുവഴിയുമുള്ള മനുഷ്യക്കടത്ത് ഞങ്ങള്‍ അനുവദിക്കില്ല. ആ പോസ്റ്റ് എടുത്തുകളയുകയും അക്കൗണ്ട് യൂസറെ ഒഴിവാക്കുകയും ചെയ്തു.ഫേസ്ബുക്ക് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നന്മയ്ക്കായി ഉപയോഗിക്കപ്പെടേണ്ട സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ളവ ഇപ്പോള്‍ വളരെ മോശം രീതിയില്‍ ഉപയോഗിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വാര്‍ത്ത.

Related posts