പതിനഞ്ച് മാസത്തിനിടെ പതിനാറ് പേരെ കൊന്നു, 64 തീവ്രവാദികളെ അറസ്റ്റു ചെയ്തു! സഞ്ജുക്ത പരാഷര്‍ എന്ന ഐപിഎസ് ഓഫീസര്‍ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നതിങ്ങനെയൊക്കെ

അഴിമതിയ്ക്കും ഭീകരതയ്ക്കുമെതിരെ ഒട്ടനവധിയാളുകള്‍ പരസ്യവും രഹസ്യവുമായി രംഗത്തെത്താറുണ്ട്. അക്കൂട്ടത്തില്‍ തന്നെ നിരവധിപ്പേര്‍ സ്ത്രീകളുമാണ്. അഴിമതിക്കാരെ വരച്ചവരയില്‍ നിര്‍ത്തുന്ന നിരവധി വനിതാ പോലീസുകാരുടെ കഥകളും പ്രവര്‍ത്തനരീതികളും ഇതിനോടകം വാര്‍ത്തയുമായിട്ടുണ്ട്. അതിലൊരാളാണ് സഞ്ജുക്ത പരാഷര്‍. ഐപിഎസുകാരിയായ സഞ്ജുക്തയെ ആസാമുകാര്‍ വിളിക്കുന്നത് ഉരുക്കു വനിത എന്നാണ്. അവരുടെ ആഭിനന്ദനാര്‍ഹമായ കര്‍ത്തവ്യനിര്‍വ്വഹണവും അര്‍പ്പണമനോഭാവവും ധൈര്യവുമാണ് അവരെ ആ പേരിന് അര്‍ഹയാക്കിയത്. അവരുടെ സര്‍വീസ് റെക്കോഡ്സിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അത് വ്യക്തമാവുകയും ചെയ്യും.

ആസാമില്‍ നിയമിതയായ ആദ്യ വനിത ഐപിഎസ് ഓഫീസര്‍ കൂടിയാണ് ഇവര്‍. ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. തുടര്‍ന്നു ജെഎന്‍യുവില്‍ നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുള്ളയാളാണ് സഞ്ജുക്ത. സ്‌പോര്‍ട്‌സില്‍ ഏറെ താല്‍പ്പര്യം ഉള്ള ഇവര്‍ ആസാമില്‍ നടക്കുന്ന തീവ്രവാദത്തിലും അഴിമതിയിലും മനംനൊന്ത് സംസ്ഥാനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിലാണു കാക്കി അണിയുന്നത്. 2008 ല്‍ അസിസ്റ്റന്റ് കമാന്റര്‍ ആയിട്ടായിരുന്നു ആദ്യനിയമനം. അധികം വൈകാതെ ബോഡോ തീവ്രവാദികളും അനധികൃത ബംഗ്ലാദേശികളും തമ്മില്‍ പോരട്ടം രൂക്ഷമായ ഉദല്‍ഗിരിയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചു.

എകെ47 തോക്കുമായി സമരമുഖത്തേയ്ക്കിറങ്ങിയ ഇവര്‍ എതിരാളികളെ വളരെ വിദഗ്ധമായി നേരിടുകയും നിരവധി അക്രമികളെ നിയമത്തിന് മുമ്പിലെത്തിക്കുകയും ചെയ്തിരുന്നു. ഈ വലിയ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഇവര്‍ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ ഉറ്റവരെയും ഉടയവരെയും വീടുമൊക്കെ നഷ്ടപ്പെട്ട് അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും സഞ്ജുക്ത സമയം കണ്ടെത്താറുണ്ട്. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കാണാന്‍ ഇവര്‍ക്ക് അവസരം ലഭിക്കാറുള്ളു. അക്രമത്തിനും അഴിമതിയ്ക്കുമെതിരെ സഞ്ജുക്ത പ്രകടിപ്പിക്കുന്ന ധൈര്യവും ആത്മാര്‍ത്ഥതയും അഭിനന്ദനീയവും അംഗീകരിക്കേണ്ടതുമാണെന്നാണ് അവരെ അറിയാവുന്നവരെല്ലാം പറയുന്നത്.

 

Related posts