ഫുട്‌ബോളല്ല ജീവിതമാണ് വലുത്! ആരോഗ്യം നോക്കുക, സുഖമായിരിക്കുക, ലോകകപ്പ് ഫൈനല്‍ കാണാന്‍ റഷ്യയിലേയ്ക്ക് ഇപ്പോള്‍ വരേണ്ടെന്ന് ഗുഹയില്‍ നിന്ന് രക്ഷപെട്ട കുട്ടികളോട് ഫിഫ

കളിയേക്കാള്‍ വലുത് ജീവിതമാണെന്നും അതുകൊണ്ട് അനാരോഗ്യമെല്ലാം തീരാന്‍ വേണ്ടി കാത്തിരിക്കാമെന്നും അതുകൊണ്ട് കുട്ടികള്‍ റഷ്യയിലേയ്ക്ക് വരേണ്ടെന്നും തായ്‌ലന്റിലെ ഗുഹയില്‍ നിന്ന് രക്ഷപെട്ട കുട്ടികള്‍ക്കും കോച്ചിനും ഫിഫയുടെ അറിയിപ്പ്. തായ്‌ലന്റിലെ ഗുഹയില്‍ അകപ്പെട്ട പന്ത്രണ്ട് കുട്ടികളെയും അവരുടെ ഫുട്‌ബോള്‍ കോച്ചിനെയും ലോകകപ്പ് ഫൈനല്‍ വേദിയിലേയ്ക്ക് ഫിഫ ക്ഷണിച്ചിരുന്നു. അത് വലിയ വാര്‍ത്തയുമായിരുന്നു.

ഫുട്‌ബോളല്ല ജീവിതമാണ് വലുതെന്ന തായ്ലന്‍ഡിലെ കുരുന്നുകളോടുള്ള ഫിഫയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളാല്‍ യാത്ര ചെയ്യേണ്ടെന്നും വിശ്രമിക്കണമെന്നുമാണ് തായ്ലന്‍ഡിലെ ഗുഹയില്‍നിന്നും രക്ഷപെട്ടു പുറത്തെത്തിയ കുട്ടികളെ ഫിഫ അറിയിച്ചിരിക്കുന്നത്.

വടക്കന്‍ തായ്ലന്‍ഡിലെ താം ലുവാംഗ് ഗുഹാസമുച്ചയത്തില്‍ രണ്ടാഴ്ച മുമ്പ് അകപ്പെട്ട വൈല്‍ഡ് ബോര്‍ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചിനെയുമാണ് ഫിഫ റഷ്യയിലേക്ക് ക്ഷണിച്ചിരുന്നത്. തായ്ലന്‍ഡ് ഫുട്ബോള്‍ അസോസിയേഷന്‍ അധ്യക്ഷനെഴുതിയ കത്തിലാണു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കുട്ടികളെ ക്ഷണിച്ചത്.

ഫിഫയുടെ അതിഥികളായി ഫൈനല്‍ മത്സരം കാണാന്‍ മോസ്‌കോയിലേക്ക് ക്ഷണിക്കുന്നതായാണ് നേരത്തെ അറിയിച്ചിരുന്നത്. ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിഥികളായി അവരെ ക്ഷണിക്കാന്‍ ആഗ്രഹമുണ്ട്- ഫിഫ പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ പതിനെട്ട് ദിവസത്തോളം മതിയായ ഭക്ഷണം ലഭിക്കാതെ മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയ കുട്ടികള്‍ മാനസികമായും ശാരീരികമായും അവശരാണ്. ആശുപത്രിവിടാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കുമെന്നുമാണ് അറിയുന്നത്. ഒരാഴ്ചയോളം ഭക്ഷണം കഴിക്കാതിരുന്ന കുട്ടികളുടെ ദഹനപ്രക്രിയപോലും സാധാരണ നിലയിലായിട്ടില്ല.

ഗുഹയില്‍ കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടോയെന്ന കാര്യവും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. അതിനാല്‍ കുട്ടികളും ഇരുപത്തിയഞ്ചുകാരനായ പരിശീലകനും ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവരും. ഇതാണ് കുട്ടികളുടെ മോസ്‌കോയിലേക്കുള്ള യാത്ര ഫിഫ വിലക്കിയത്.

Related posts