ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കുകയാണെന്ന് തോന്നുന്നു! പെട്രോള്‍, ഡീസല്‍ വില രണ്ടര രൂപ കുറച്ചതിനെ ട്രോളി സോഷ്യല്‍മീഡിയ

പെട്രോള്‍ ഡീസല്‍ വില കുറച്ചതായുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് റിപ്പോര്‍ട്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഉന്നതതല യോഗം ചേര്‍ന്ന് എണ്ണ വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ധനവില വര്‍ധിക്കുന്നത് കമ്പനികള്‍ നിയന്ത്രിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ ഓരോ ദിവസവും വില ഉയരുന്നതാണ് കണ്ടത്.

എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രം എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം നേരത്തെയും ശക്തമായിരുന്നു. എന്നാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ളവര്‍ ഈ ആവശ്യം തള്ളുകയാണുണ്ടായത്.

കഴിഞ്ഞമാസം ആദ്യം വില ഉയരുന്നതിനെ പ്രതിരോധിച്ച ജെയ്റ്റ്ലി എക്സൈസ് തീരുവ കുറയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെട്ടെന്നുളള നിലപാട് മാറ്റത്തിനു കാരണം തെരഞ്ഞെടുപ്പാണെന്ന വിലയിരുത്തലാണുള്ളത്.

എണ്ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നത് പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ് ബി.ജെ.പി നേതൃത്വം. വലിയ പൊതുവികാരം ഇതിനെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മോദി സര്‍ക്കാര്‍ നീക്കം.

വില കുറച്ചെന്ന പ്രഖ്യാപനത്തോട് ‘തെരഞ്ഞെടുപ്പ് എത്തീ’ എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം പ്രതികരിക്കുന്നത്.

‘ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനിരിക്കുകയാണെന്ന് തോന്നുന്നു’ എന്നാണ് മറ്റൊരു പ്രതികരണം. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പുള്ള പ്രകടനം എന്നാണ് മറ്റൊരു പ്രതികരണം.

ദിവസങ്ങള്‍ക്കുള്ളില്‍ തൊണ്ണൂറിനടുത്തെത്തിച്ച ശേഷം വെറും രണ്ടര രൂപ കുറച്ച് വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിച്ച കേന്ദ്ര നിലപാടിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related posts