പരവൂർ: ട്രെയിനുകളിൽ അൺ റിസർവ്ഡ് ജനറൽ ടിക്കറ്റുകൾ ഓൺലൈനായി എടുക്കുന്ന യാത്രക്കാർക്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് റെയിൽവേ.ഇന്ത്യൻ റെയിൽവേയുടെ പുതിയ ഏകീകൃത ആപ്പായ റെയിൽ വൺ വഴി ടിക്കറ്റുകൾ എടുക്കുന്നവർക്ക് നിരക്കിൽ മൂന്ന് ശതമാനം ഇളവാണ് റെയിൽ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. 2026 ജനുവരി 14 മുതൽ ജൂലൈ 14 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
റെയിൽ വൺ ആപ്പ് വഴി ടിക്കറ്റുകൾ എടുക്കുമോൾ ഏതങ്കിലും ഡിജിറ്റൽ പേയ്മെന്റ് രീതി ഉപയോഗിക്കുന്നവർക്കാണ് ഇളവ് നൽകുക. ഇതിനായി യുപിഐ , ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറക്കുക, ഡിജിറ്റൽ ബുക്കിംഗ് സംവിധാനം കൂടുതൽ ജനകീയമാക്കുക എന്നിവയാണ് ഇതു വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
നിലവിൽ റെയിൽ വൺ ആപ്പിലെ ആർ -വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്ന് ശതമാനം കാഷ്ബാക്ക് നൽകുന്നുണ്ട്. ഇത് തുടരുന്നതിനൊപ്പം മറ്റ് ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിക്കുന്നവർക്കും നേരിട്ട് ഇളവ് നൽകുന്നതാണ് പുതിയ തീരുമാനം.ഇതിനായി സോഫ്റ്റ് വെയർ സംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന് റെയിൽ മന്ത്രാലയം സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ സിസ്റ്റംസിന് (ക്രിസ്) നിർദേശം നൽകിക്കഴിഞ്ഞു.
മറ്റ് സ്വകാര്യ ആപ്പുകൾ വഴിയോ യുടിഎസ് ആപ്പ് വഴിയോ ടിക്കറ്റ് എടുക്കുമ്പോൾ ഈ ഇളവ് ലഭിക്കുകയുമില്ല. യാത്രക്കാർക്ക് അൺ റിസർവ്ഡ് ജനറൽ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും എടുക്കുന്നതിനും ട്രെയിനുകളുടെ തൽസമയ വിവരങ്ങൾ അറിയുന്നതിനുമായി റെയിൽവേ സമീപകാലത്ത് പുറത്തിറക്കിയ ആപ്പാണ് റെയിൽ വൺ.
- എസ്.ആർ. സുധീർ കുമാർ
