അരൂര്‍: കായല്‍ ടൂറിസം മേഖലയില്‍ വേറിട്ട ആശയവുമായി കാഷ്മീരി യുവാവ്. വിനോദസഞ്ചാരികള്‍ക്കായി ദ്വീപുകള്‍ക്കു ചുറ്റും ഒഴുകുന്ന കോട്ടേജുകള്‍ തയാറാക്കുകയെന്ന ആശയമാണ് കാഷ്മീരിൽനിന്നുള്ള നമന്‍ ശര്‍മ മുന്നോട്ടുവച്ചിരിക്കുന്നത്. കായലോര വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തീരപരിപാലന നിയമം ഒട്ടേറെ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലാണ് നിയമപരമായിത്തന്നെ തടസങ്ങളെ മറികടക്കാന്‍ കഴിയുന്ന നമന്‍ ശര്‍മയുടെ പുത്തന്‍ ആശയം കടന്നുവരുന്നത്.
അഹമ്മദാബാദിലെ സിഇപിറ്റി യൂണിവേഴ്സിറ്റിയില്‍നിന്നു ബിടെക് പൂർത്തിയാക്കി ഉത്പന്നങ്ങള്‍ ഡിസൈന്‍ ഡിസൈന്‍ ചെയ്യാനുള്ള താത്പര്യത്തോടെ അരൂരിലെ സമുദ്ര ഷിപ്പ്യാര്ഡില് എത്തിയതാണ് നമന്‍. മലയാളിയായ പ്രഫ. ഉണ്ണിമേനോന്റെ നിർദേശത്തിലാണ് മറൈന്‍ ഡിസൈനില്‍ ഇന്റേണ്‍ഷിപ്പ് പരിശീലനത്തിന് നമനെ സമുദ്രയില്‍ എത്തിയത്.
കേരളത്തിലെ പ്രകൃതിരമണീയ കായലുകളും കായലിനെ ചുറ്റിപ്പറ്റി വിവിധ ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും തന്റെ ജന്മനാടായ കാഷ്മീരിലെ തടാകങ്ങളും ഒഴുകി നടക്കുന്ന ജലയാനങ്ങളും ഓര്‍മിപ്പിക്കുമെന്ന് നമന്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് ഫ്ളോട്ടിംഗ് കോട്ടേജുകള്‍ എന്ന ആശയം നമന്റെ മനസിലുദിക്കുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ തീരദേശനിയമങ്ങളില് ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ വന്നതിനാല്‍ ഇതു യാഥാര്‍ഥ്യമാക്കാനാകുമെന്നാണ് നമന്റെ വിശ്വാസം.
കേരള മാരിടൈം ബോര്‍ഡിനു മാത്രമാണ് ഫ്ളോട്ടിംഗ് കോട്ടേജുകള്‍ക്ക് അനുമതി നല്കാന് അധികാരമുള്ളത്.ചില നിബന്ധനകളും ചട്ടങ്ങളും കോട്ടേജ് നിര്‍മാണത്തിന് നിഷ്കര്‍ഷിക്കുന്നുണ്ട്. എല്ലാ ചട്ടങ്ങളും നിബന്ധനകളും അനുസരിച്ചുകൊണ്ടാണ് നമന്‍ കോട്ടേജുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
തീര്‍ത്തും മാലിന്യമുക്തമായിരിക്കും ഒഴുകുന്ന കോട്ടേജുകള്‍. കായല്‍ മലിനീകരണത്തിനുള്ള ഒരു സാധ്യതയും ഇതില്‍ അനുവദിക്കപ്പെടില്ല. ഒരു കുടുംബത്തിനു കഴിയാവുന്നതും അധിക കുടുംബങ്ങള്‍ക്കു കഴിയാവുന്നതുമായ വിവിധ വലിപ്പത്തിലുള്ള കോട്ടേജുകള്‍ നമന്‍ രൂപകല്പന ചെയ്തിട്ടുണ്ട്.
രാജ്യത്തെ ആദ്യത്തെ വിനോദസഞ്ചാര ഗ്രാമമായി ഖ്യാതി നേടിയ കുമ്പളങ്ങി പഞ്ചായത്തിന്റെ കായല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒഴുകുന്ന കോട്ടേജുകള്‍ പരീക്ഷിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. കേരള മാരിടൈമിന്റെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ട് പ്രകൃതിയുമായി ഇണങ്ങുന്ന സുരക്ഷിതമായ കോട്ടേജുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് അരൂര്‍ സമുദ്ര ഷിപ്പ്യാര്ഡും അറിയിച്ചിട്ടുണ്ട്.
