ദാവോസ്: ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാൻ വിസമ്മതിച്ച ഡെന്മാർക്കിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരേ ഏർപ്പെടുത്താനിരുന്ന വ്യാപാര നികുതി ഭീഷണിയിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. ആർട്ടിക് സുരക്ഷയുമായി ബന്ധപ്പെട്ട് നാറ്റോ മേധാവിയുമായി ഭാവികാര്യങ്ങളിൽ ധാരണയായതിനെത്തുടർന്നാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
ലോക സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഗ്രീൻലാൻഡിന്റെ പൂർണ ഉടമസ്ഥാവകാശം അമേരിക്കയ്ക്കു വേണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുമ്പോഴും അതു നേടിയെടുക്കാൻ സൈനിക ബലം പ്രയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഡെന്മാർക്കിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മേൽ പത്തു മുതൽ 25 ശതമാനം വരെ നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാൽ നാറ്റോയുമായുള്ള ചർച്ചകൾക്കു പിന്നാലെ ഈ നീക്കം അദ്ദേഹം ഉപേക്ഷിച്ചു. ഗ്രീൻലാൻഡ് നേടാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഗ്രീൻലാൻഡ് വില്പനയ്ക്കുള്ളതല്ലെന്നും ഡെന്മാർക്കിന്റെ പരമാധികാരം സംരക്ഷിക്കപ്പെടുമെന്നും നാറ്റോ മേധാവി വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്യാൻ തയാറാണെന്ന് ഡെന്മാർക്ക് അറിയിച്ചു. ട്രംപിന്റെ പ്രസ്താവനകളെത്തുടർന്ന് ഗ്രീൻലാൻഡ് സർക്കാർ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിട്ടുവീഴ്ചയില്ലാതെ യൂറോപ്പ്
അമേരിക്കയുടെ ഭീഷണിക്കു മുന്നിൽ വഴങ്ങില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും വ്യക്തമാക്കി. നികുതി ഏർപ്പെടുത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയനും മുന്നറിയിപ്പു നൽകി.
ഗ്രീൻലാൻഡ് വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും റഷ്യ, ചൈന എന്നിവരിൽ നിന്നുള്ള ഭീഷണി നേരിടാൻ ദ്വീപിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് അത്യാവശ്യമാണെന്നുമാണ് ട്രംപിന്റെ വാദം.
