അഴിക്കുള്ളിലായെങ്കിലും ആള്‍ദൈവം ശക്തന്‍ തന്നെ; ഗുര്‍മീതിനു ശിക്ഷവിധിച്ച ജഡ്ജിയെയും കുടുംബത്തെയും വധിക്കുമെന്ന് അനുയായികള്‍; ജഗ്ദീപ് സിംഗിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനം

ചണ്ഡിഗഡ്: ബലാല്‍സംഗക്കേസില്‍ അകത്തുപോയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന് 20 വര്‍ഷം ശിക്ഷ വിധിച്ച ജഡ്ജിയ്ക്കും കുടുംബത്തിനും മരണശിക്ഷ വിധിച്ച് ഗുര്‍മീതിന്റെ അനുയായികള്‍. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചു.
ജഡ്ജിക്കും കുടുംബത്തിനും നേരെ വലിയ തോതില്‍ ഭീഷണികളുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കുന്നത്. 10 ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ അടക്കം 55 സായുധസേനാംഗങ്ങളുടെ സംരക്ഷണമാണ് നല്‍കുക.

അതേ സമയം ഗുര്‍മീതിനെ കോടതിയില്‍ നിന്നു ബലമായി മോചിപ്പിക്കാന്‍ ശ്രമമുണ്ടായതായി വിവരം പുറത്തുവന്നു.
പഞ്ച്കുലയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അനുയായികള്‍ ശ്രമിച്ചെന്നാണ് വിവരം. എന്നാല്‍ ഈ നീക്കം പൊളിച്ചാണു പ്രതിയെ ജയിലില്‍ എത്തിച്ചതെന്നു ഹരിയാന ഐജി കെ.കെ.റാവു പറഞ്ഞു. ഗുര്‍മീതിനെ കോടതിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരുടെ കൂട്ടത്തില്‍ ഹരിയാന പൊലീസിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നുവെന്നും ഐജി കെ.കെ.റാവു വെളിപ്പെടുത്തുന്നു. വര്‍ഷങ്ങളായി ഗുര്‍മീതിന് സുരക്ഷ നല്‍കുന്നവരാണിവര്‍. അഞ്ചുപേരെയും ഇന്നലെ പൊലീസ് സേനയില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരെ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുര്‍മീതിനുള്ള ശിക്ഷ പ്രഖ്യാപിച്ചത്. നൂറുകണക്കിനു കാറുകളുടെയും അനുയായികളുടെയും അകമ്പടിയോടെയാണ് ശിക്ഷാവിധി കേള്‍ക്കാന്‍ ഗുര്‍മീത് കോടതിയില്‍ എത്തിയത്. കോടതിയിലെത്തിയ ഗുര്‍മീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സമയത്തായിരുന്നു അനുയായികളുടെ മോചിപ്പിക്കല്‍ ശ്രമം. സംഭവം ഇങ്ങനെ…‘കോടതിയില്‍നിന്നിറങ്ങിയപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ വച്ചിട്ടുള്ള ചുവപ്പു ബാഗ് വേണമെന്നു ഗുര്‍മീത് ആവശ്യപ്പെട്ടു. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നും കലാപം തുടങ്ങൂ എന്നും അനുയായികള്‍ക്കുള്ള ഗുര്‍മീതിന്റെ സന്ദേശമായിരുന്നു ഇത്. ഗുര്‍മീതിന്റെ കാറില്‍നിന്നു ചുവപ്പുബാഗ് പുറത്തെടുത്തയുടന്‍ ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദം മുഴങ്ങി. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നു സംശയമുണര്‍ന്നു. ഉടന്‍ ഗുര്‍മീതിനെ പൊലീസ് വാഹനത്തിലേക്കു മാറ്റിയപ്പോള്‍, വാഹനം ഗുര്‍മീതിന്റെ അംഗരക്ഷകര്‍ വളഞ്ഞു.

ഇക്കൂട്ടത്തില്‍ വര്‍ഷങ്ങളായി ഗുര്‍മീതിനു സംരക്ഷണം നല്‍കുന്ന പൊലീസുകാരുമുണ്ടായിരുന്നു. അവരെ ബലം പ്രയോഗിച്ചു നീക്കിയാണു വാഹനം മുന്നോട്ടെടുത്തത്. ഗുര്‍മീതിനൊപ്പം എത്തിയ എഴുപതോളം വാഹനങ്ങള്‍ അടുത്തൊരു തിയറ്റര്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്നു. ഈ വാഹനങ്ങളില്‍ ആയുധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മറ്റൊരു വഴിയിലൂടെയാണ് പോലീസ് വാഹനം നീങ്ങിയത്. പിന്നീട് ഗുര്‍മീതിനെ ഹെലികോപ്ടറില്‍ റോത്തക്കിലെ ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നു.

 

Related posts