‘അമ്മ’യുടെ പാത പിന്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ അമ്മ മോഡല്‍ കാന്റീന്‍ ആരംഭിക്കുന്നു; പിന്നാലെ ‘അമ്മ’ കുടിവെള്ള പദ്ധതിയും

namma-canteen600തമിഴ്‌നാട്: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ തമിഴര്‍ നെഞ്ചേറ്റിയതിന്റെ ഒരു പ്രധാനകാരണം അവര്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളാണ്. വളരെക്കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഭക്ഷണം ലഭിയ്ക്കുന്ന ‘ അമ്മ കാന്റീന്‍’ തമിഴ്‌നാട്ടില്‍ ഒരു വിപ്ലവം തന്നെയായിരുന്നു. ജയലളിതയുടെ മരണശേഷവും അമ്മ കാന്റീന്‍ സാധാരണക്കാരന്റെ വിശപ്പകറ്റുന്നു. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളും ഈ മോഡല്‍ പിന്തുടരാനുള്ള പുറപ്പാടിലാണുതാനും. ഏറ്റവുമൊടുവിലായി ഹരിയാനയാണ് അമ്മ മോഡല്‍ കാന്റീന്‍ തുടങ്ങാനൊരുങ്ങുന്നത്. ഹരിയാന തൊഴില്‍ മന്ത്രി നയാബ് സിംഗ് സൈനിയും സംഘവും തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനമെങ്ങനെയെന്ന് വിലയിരുത്തി.  മുമ്പ് കര്‍ണാടകയും അമ്മ മോഡല്‍ കാന്റീനുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.

കര്‍ണാടകയില്‍ ‘നമ്മ കാന്റീന്‍’ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്. കാന്റീനുകളുടെ നിര്‍മാണത്തിന് കര്‍ണാടക ഗവണ്മെന്റ് ബഡ്ജറ്റില്‍ 100 കോടി രൂപ അനുവദി്ക്കുകയും ചെയ്തു. അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണവും 10 രൂപയ്ക്ക് ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ലഭ്യമാക്കാനുള്ള പദ്ധതിയാണ് കര്‍ണാടകയുടേത്. ബംഗളൂരുവിലെ 192 വാര്‍ഡുകളെ ഉദ്ദേശിച്ചാണിത്. കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ് അമ്മ കാന്റീന്‍.

ജയലളിത ആരംഭിച്ച കുടിവെള്ള പദ്ധതിയും  മാതൃകയാക്കാന്‍ ഹരിയാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി ചെറിയ വിലയ്ക്ക് നല്ല ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജയലളിത 2013 ല്‍ അമ്മ കാന്റീന്‍ തുടങ്ങിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 20 ലിറ്റര്‍ ശുദ്ധജലം നല്‍കാന്‍ ലക്ഷ്യമിടുന്ന കുടിവെള്ള പദ്ധതി 2015ലാണ് തുടങ്ങിയത്. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും ഈ പദ്ധതി സജീവമാണ്.

Related posts