കര്‍ണാടകത്തില്‍ കനത്ത വരള്‍ച്ച! ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി; വിമര്‍ശനവുമായി കര്‍ഷക സംഘടനകളും ബിജെപിയും

കര്‍ണാടകത്തില്‍ വരള്‍ച്ചയെ നേരിടാന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് ശൃംഗേരി മഠത്തില്‍ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷക സംഘടനകളും ബിജെപിയും.

കടുത്ത വിശ്വാസിയാണ് എച്ച്.ഡി. കുമാരസ്വാമി. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതായാലും മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതായാലും ജ്യോതിഷികളും പൂജാരിമാരും പറയാതെ, പൂജകളും യാഗങ്ങളും നടത്താതെ കുമാരസ്വാമി തീരുമാനമെടുക്കില്ല.

എന്നാലിപ്പോള്‍ സംസ്ഥാനം വരള്‍ച്ചയില്‍ വലയുമ്പോള്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നതിന് പകരം യാഗത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. കര്‍ണാടകത്തില്‍ 26 ജില്ലകളിലായി 2,150 ഗ്രാമങ്ങള്‍ വരള്‍ച്ചാ ബാധിതമാണ്. കുടിവെളളത്തിന് പോലും ബുദ്ധിമുട്ടാണുള്ളത്.

ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം സജീവമാണ്. ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് വക മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച് മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts