ഹോം ഗാർഡ് ജോലി നേടുക എന്ന ലക്ഷ്യവുമായി കഠിനമായ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത ജാർഖണ്ഡ് സ്വദേശിനിയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പെരുംമഴ. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ള കവിത മഹാതോ (Kavita Mahato) എന്ന യുവതിയാണ് യാതൊരുവിധ സ്പോർട്സ് ഉപകരണങ്ങളുടെയും പിന്തുണയില്ലാതെ, സാരിയും ധരിച്ച് നഗ്നപാദയായി 1,600 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്.
ജാർഖണ്ഡ് ഹോം ഗാർഡ് റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിലാണ് കവിത പങ്കെടുത്തത്. ചെങ്കല്ല് ചൂളയിലെ കഠിനാധ്വാനത്തിന് ശേഷമാണ് തന്റെ സ്വപ്നമായ ജോലിക്ക് വേണ്ടി അവർ ട്രാക്കിലിറങ്ങിയത്. കയ്യിൽ പണമില്ലാത്തതിനാലും മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലും പരമ്പരാഗത സാരി ധരിച്ച് നഗ്നപാദയായി ഓടിയ കവിതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പരിമിതികളെയും പ്രയാസങ്ങളെയും ദൃഢനിശ്ചയം കൊണ്ട് നേരിട്ട ഈ അമ്മയുടെ ഇച്ഛാശക്തിയെ നിരവധിപ്പേരാണ് പ്രശംസിച്ചത്.
ഈ അപൂർവ്വ നേട്ടത്തെ അഭിനന്ദിച്ച് ബീഹാറിലെ ഇമാംഗഞ്ച് എംഎൽഎ ദീപ മാഞ്ചിയും രംഗത്തെത്തി. കവിതയുടെ ആത്മവിശ്വാസത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ച അവർ, ജാർഖണ്ഡ് സർക്കാർ ഇത്തരം പ്രതിഭകളെ ആദരിക്കണമെന്നും പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബത്തിന്റെയും മക്കളുടെയും ഭാവി സുരക്ഷിതമാക്കാൻ കവിത നടത്തുന്ന ഈ പോരാട്ടം ഒട്ടനവധി സ്ത്രീകൾക്ക് വലിയൊരു പ്രചോദനമാണ്.
