ഇന്ത്യന്‍ റോഡുകളുടെ “ഭാഷ” പഠിച്ച് റഷ്യക്കാര്‍

ഇന്ത്യന്‍ റോഡുകളില്‍ ഡ്രൈവര്‍മാര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നത് കണ്ട് വിദേശികള്‍ ഞെട്ടുന്നത് പുതിയ സംഭവമല്ല. ഈ ലിസ്റ്റില്‍ ഒടുവിലത്തേത് ഒരു റഷ്യന്‍ വനിതയും അവരുടെ മാതാപിതാക്കളുമാണ്. ഇന്ത്യയിലെത്തിയ മറീന ഖര്‍ബാനിയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്തത്.

മാതാപിതാക്കളോടൊപ്പം ഇന്ത്യയിലെ തന്റെ ആദ്യ ഡ്രൈവിന് പോയതായിരുന്നു മറീന ഖര്‍ബാനി. ശബ്ദമുഖരിതമായ നിരത്തുകള്‍ കണ്ട് പ്രായമായ മാതാപിതാക്കള്‍ അസ്വസ്ഥരാകുന്നത് വീഡിയോയില്‍ കാണാം. ‘എന്തിനാണയാള്‍ അമിതമായി ഹോണടിക്കുന്നത്..നമ്മള്‍ അയാളെ ശല്യപ്പെടുത്തുന്നുണ്ടോ”, എന്ന് റഷ്യന്‍ ദമ്പതികള്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

രസകരമായ കമന്റുകളാണ് കമന്റ് ബോക്‌സില്‍ വീണത്. ഹോണടി നമ്മുടെ രാജ്യത്തെ ഒരു ഭാഷ തന്നെയാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഹലോ പറയുന്നതു പോലെയാണ് ഇവിടെ ഹോണ്‍ മുഴക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തൊക്കെയായാലും നമ്മുടെ നിരത്തുകളില്‍ വാഹനങ്ങള്‍ ശാന്തമായി ഒഴുകിയാല്‍ അന്ന് കാക്ക മലന്നു പറക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

Related posts

Leave a Comment