പുലിമുരുകന്റെ ഹിന്ദി പതിപ്പില്‍ ഹൃതിക് റോഷന്‍ പുലിമുരുകനാവില്ല; സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തില്‍ നിന്ന് ഹൃതിക് പിന്മാറാന്‍ കാരണം ഇതാണ്…

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി പടം പുലിമുരുകന്‍ ഹിന്ദിയിലേക്ക്. ദേവദാസ്, ബജ്‌റാവോ മസ്താനി, പദ്മാവത് തുടങ്ങിയ വമ്പന്‍ സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് പുലിമുരുകനെ ഹിന്ദി പറയിപ്പിക്കുന്നത്.

സിനിമയിലെ നായകവേഷത്തിനായി ഹൃതിക് റോഷനെയാണ് ബന്‍സാലി മനസ്സില്‍ കണ്ടിരുന്നത്. എന്നാല്‍ ഹൃതിക് ചിത്രം നിരാകരിച്ചതായി ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ കാരണം വ്യക്തമല്ല.

ഹൃതിക്കിന് പകരം മറ്റാരെ മുരുകനാക്കും എന്ന ആശങ്കയിലാണ് ബന്‍സാലിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ പ്രൊഡക്ഷനാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയതെന്നും വിവരമുണ്ട്. 2010ല്‍ ഗുസാരിഷ് എന്ന സിനിമയില്‍ ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ചിത്രം പ്രതീക്ഷിക്കപ്പെട്ട വിജയം കൈവരിച്ചിരുന്നില്ല. ഇതായിരിക്കാം ഹൃതിക്കിന്റെ താത്പര്യമില്ലായ്മയ്ക്കു കാരണമെന്നു കരുതുന്നു. നേരത്തെ പുലിമുരുകന്‍ കാണണമെന്ന് ആഗ്രമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

25 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം നൂറ്റമ്പത് കോടി കലക്ഷന്‍ നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ സിനിമയുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതായിരുന്നു. പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷനും വലിയ ജനപ്രീതി നേടിയിരുന്നു.

Related posts