വിസയില്ലാതെ ബോട്ടില്‍ ഓസ്‌ട്രേലിയയ്ക്ക് കടക്കുന്നവര്‍ക്ക് കൊച്ചി ഇടത്താവളമാക്കുന്നു;കഴിഞ്ഞ ദിവസം ബോട്ടില്‍ കടന്ന 40 പേര്‍ക്കായി തിരച്ചില്‍ തുടരന്നു; 27 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുന്ന മനുഷ്യക്കടത്ത് ഇങ്ങനെ…

മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റവും അതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കവുമെല്ലാം അമേരിക്കയെ കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയും നേരിടുന്നത്. ഇതിനു വഴിമരുന്നാകുന്നതോ നമ്മുടെ സ്വന്തം കൊച്ചിയും. ശ്രീലങ്കയും സിംഗപ്പൂരും വഴി ഓസ്‌ട്രേലിയയിലേക്ക് ആളുകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ പുതിയ താവളമായിരിക്കുകയാണ് കൊച്ചി.

കൊച്ചി മുനമ്പം ഹാര്‍ബര്‍ വഴി മത്സ്യബന്ധ ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കം നാല്‍പ്പതോളം പേര്‍ ഓസ്ട്രേലിയക്ക് കടന്നതായുള്ള വിവരം അടുത്ത ദിവസങ്ങളിയാണ് പുറത്തുവന്നത്. രാജ്യാന്തര സീമകള്‍ ലംഘിച്ച് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പോയിരിക്കാമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് തുടങ്ങി. തീരം വിട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടിക്കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെത്തി. ബാഗുകള്‍ അടക്കമുള്ളവ എവിടെ നിന്നും വന്നതാണെന്ന അന്വേഷണത്തിന് ഒടുവിലാണ് ഇത് മനുഷ്യക്കടത്തു സംഘത്തിന്റേതാണെന്ന നിലയിലേക്ക് എത്തിയത്. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്നായിരുന്നു ആദ്യത്തെ അഭ്യൂഹം. തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഇവിടെ നിന്നു കടന്നവര്‍ ശ്രീലങ്കന്‍ വംശജരോ, തമിഴ്നാട് സ്വദേശികളോ ആയിരിക്കാം സംഘത്തിലുള്ളതെന്നാണ് കരുതുന്നത്.

ബാഗില്‍ കണ്ട രേഖകളില്‍ നിന്നു പത്ത് പേരടങ്ങുന്ന സംഘമായി സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളില്‍ താമസിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. ശനിയാഴ്ച കൂടുതല്‍ ഇന്ധനമടിച്ച് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടിലാണ് ഇവരെ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ബോട്ട്. 27 ദിവസമെടുത്താണ് ബോട്ട് ഓസ്ട്രേലിയയിലെത്തുന്നത്. രാജ്യന്തര മനുഷ്യക്കടത്ത് സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് പറയുന്നു.

മുനമ്പത്ത് നിന്നു മത്സ്യ ബന്ധന ബോട്ടുകളില്‍ പോയവര്‍ക്ക്, ഇന്ധനവും ഭക്ഷണവും ഫീഡര്‍ ബോട്ടുകളില്‍ എത്തിക്കാനുള്ള സൗകര്യവും മനുഷ്യക്കടത്തുകാര്‍ ഏര്‍പ്പെടുത്തും. ഇവര്‍ പിടിച്ച മത്സ്യം ഫീഡര്‍ ബോട്ടുകള്‍ക്ക് കൈമാറും. ഓസ്ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കരുതുമെന്നതാണ് ഇവിടേക്ക് അഭയാര്‍ഥികളെ ആകര്‍ഷിക്കുന്നത്. മനുഷ്യക്കടത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബി, ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഓസ്ട്രേലിയയിലേക്ക് ബോട്ടുമാര്‍ഗ്ഗം എത്തി കുടിയേറുന്ന സംഘത്തില്‍ പ്രധാനമായും ഉള്ളത് ശ്രീലങ്കക്കാരാണ്. ഇവരെ കൂടാതെ ആഫ്രിക്കയില്‍ നിന്നും മറ്റും ഓസ്ട്രേലിയയിലേക്ക് കുടിയേറ്റം ശക്തമായി നടക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ നിയമം അനുസരിച്ച് 12 വര്‍ഷം തടവിന് ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്.

Related posts