വാട്‌സ്ആപ്പ് ജോലിപരസ്യം കണ്ട് അഭിമുഖത്തിനെത്തിയപ്പോള്‍ ആടുമില്ല പൂടയുമില്ല ! തൊഴിലെന്ന മോഹവുമായി റിസോര്‍ട്ടിലെത്തിയ നൂറുകണക്കിന് യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

പന്തീരാങ്കാവ്: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പരസ്യം കണ്ട് അഭിമുഖത്തിനായി റിസോര്‍ട്ടിലെത്തിയ ഉദ്യോഗാര്‍ഥികള്‍ നട്ടം തിരിഞ്ഞു.വിദേശത്തെ എണ്ണക്കമ്പനിയിലേക്കു പ്ലസ് ടു പാസായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുള്ള പരസ്യം കണ്ട് അറപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയവരാണ് കബളിപ്പിക്കപ്പെട്ടത്. ക്രിയേറ്റീവ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന പേരിലാണു സമൂഹ മാധ്യമങ്ങളില്‍ പരസ്യം പ്രചരിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും എത്തിയ നൂറുകണക്കിനു യുവാക്കളാണു നിരാശരായി മടങ്ങിയത്.

വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത വിശ്വസിച്ച് എത്തിയ യുവാക്കളാണ് കബളിപ്പിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള വ്യാജ പ്രചരണം വര്‍ധിച്ചു വരികയാണ്. മുമ്പ് ലുലുവിന്റെ റിക്രൂട്ട്‌മെന്റിന്റെ പേരിലും ഇത്തരം വ്യാജ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. അന്ന് നാട്ടികയിലെത്തിയ നൂറുകണക്കിന് യുവാക്കളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്.

Related posts