ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണമാകൂ എന്ന അഹങ്കാരം മാധ്യമങ്ങള്‍ ! അത് അങ്ങ് തീര്‍ത്തു കൊടുത്തുവെന്ന് ഇടവേള ബാബു; അമ്മയുടെ പൊതുയോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന അഭിപ്രായവുമായി താരങ്ങള്‍…

അമ്മയ്ക്ക് പുതിയ നേതൃത്വം. മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ മുകേഷാണ് വൈസ് പ്രസിഡന്റ്. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ പ്രാര്‍ത്ഥനയോട് കൂടിയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് തുടക്കമായത്. നെടുമുടി വേണുവാണ് സ്വാഗതപ്രസംഗം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാതെയാണ് യോഗം നടക്കുന്നത്. പുറത്ത് അറിയിക്കേണ്ടതെല്ലാം ഫേസ്ബുക്ക് ലൈവിലൂടെ കൊടുക്കും. അതാണ് ഇത്തവണ അമ്മയുടെ രീതി.

എന്നാല്‍ യോഗത്തിലെ അതീവരഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം പോലും ചോര്‍ന്നു. മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്. അതിന് ശേഷം അമ്മ മഴവില്‍ ഷോയെ കുറിച്ചുള്ള വിലയിരുത്തല്‍, കൈനീട്ടം പ്രഖ്യാപനം അങ്ങനെ നീണ്ടു കാര്യങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടിയും പറഞ്ഞു. എന്നാല്‍ സ്നേഹ പൂര്‍ണ്ണമായ സമ്മര്‍ദ്ദം മമ്മൂട്ടിയില്‍ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഊര്‍മിളാ ഉണ്ണിയാണ് ഈ നിര്‍ദ്ദേശം ആദ്യം മുമ്പോട്ടു വച്ചത്.

Related posts