വീണ്ടുമൊരു ജാക്കും റോസും; കായലില്‍ മുങ്ങിത്താഴ്ന്ന ഭാര്യയെ രക്ഷപ്പെടുത്തിയ ഭര്‍ത്താവിന് ദാരുണാന്ത്യം ;അന്ന് അറ്റ്‌ലാന്റിക് സമുദ്രമെങ്കില്‍ ഇന്ന് വെള്ളായണിക്കായല്‍

yyy600അനശ്വര പ്രണയത്തിന്റെ പ്രതീകമായി നില്‍ക്കുന്ന ടൈറ്റാനിക് സിനിമയുടെ ക്ലൈമാക്‌സിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ വെള്ളായണിക്കായലില്‍ സംഭവിച്ചപ്പോള്‍ യുവാവിന് ജീവന്‍ നഷ്ടമായി.മത്സ്യ ബന്ധന വള്ളം മറിഞ്ഞ് കായലില്‍ വീണ ഭാര്യയെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ച ശേഷമാണ് ഭര്‍ത്താവായ  കല്ലിയൂര്‍ കാക്കാമൂല കാഞ്ഞിരംവിള ഈനോസ് നഗറില്‍ കായല്‍ക്കര വീട്ടില്‍ ഡേവിഡ് സിംഗ് ബാലകാണ് (42) മരണത്തിന്റെ കരങ്ങളിലേക്ക് ആണ്ടുപോയത്. അപകടത്തില്‍പ്പെട്ട ഭാര്യ ചന്ദ്രലേഖ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ഇന്നലെ രാത്രി പത്തര മണിയോടെ വെള്ളായണിക്കായലില്‍ കാക്കാമൂല ഭാഗത്തായിരുന്നു അപകടം.

മത്സ്യതൊഴിലാളിയായ ഡേവിഡ് സിംഗ് ഭാര്യയുമൊത്താണ് ചെറുവള്ളത്തില്‍ മത്സ്യ ബന്ധനത്തിന് പോകുന്നത്. പതിവുതെറ്റിക്കാതെ ഇന്നലെ രാത്രിയിലും മത്സ്യബന്ധനത്തിന് പോയതായിരുന്നു ഇവര്‍. കായലില്‍ വലയിടുന്നതിനിടെ ബാലന്‍സ് തെറ്റി ചന്ദ്രലേഖ കായലില്‍ വീണതോടെ വള്ളം മറിഞ്ഞു. കായലില്‍ ചാടിയ ഡേവിഡ് സിംഗ് ആഴവും ചെളിയുമുള്ള ഭാഗത്ത് അകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്തി അവരുമായി നീന്തികരയ്‌ക്കെത്തി. ചന്ദ്രലേഖയെ കരയിലിരുത്തിയ ശേഷം മുങ്ങികിടന്ന വള്ളം നേരെയാക്കാന്‍ കായലിലേക്ക് മടങ്ങിയ ഡേവിഡ് സിംഗ് വള്ളം ഉയര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ വള്ളത്തിനടിയില്‍പ്പെടുകയും  ചെളിയില്‍ പുതയുകയുമായിരുന്നു.

ഇതുകണ്ട ഭാര്യ നിലവിളിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സ് രണ്ട് മണിക്കൂര്‍ തെരച്ചില്‍ നടത്തിയശേഷമാണ് ഡേവിഡ്‌സിംഗിന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ്, ആഷിഖ് എന്നിവരാണ് ഡേവിഡ്‌സിംഗ്-ചന്ദ്രലേഖ ദമ്പതികളുടെ മക്കള്‍. നേമം പോലീസ് കേസെടുത്തു.

Related posts