പരവൂർ: ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകളുമായി ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.ടിക്കറ്റ് പരിശോധന വേളയിൽ റെയിൽ വൺ ആപ്പിൽ തത്സമയം കാണിക്കുന്ന ഒറിജിനൽ ഡിജിറ്റൽ ടിക്കറ്റുകൾ മാത്രമേ ഇനി മുതൽ സാധുവായി കണക്കാക്കൂ എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി. ടിക്കറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഫോട്ടോഗ്രാഫുകൾ, പിഡിഎഫ് പകർപ്പുകൾ, വാട്ട്സ്ആപ്പ് വഴിയോ മറ്റ് മെസേജിംഗ് ആപ്പുകൾ വഴിയോ ഫോർവേഡ് ചെയ്ത് കിട്ടുന്ന ടിക്കറ്റുകൾ എന്നിവ ഉപയോഗിച്ചുള്ള യാത്രകൾ പൂർണമായും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ മൊബൈൽ ഫോണിലും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലും തന്നെ ഡിജിറ്റൽ ടിക്കറ്റ് ലഭ്യമായിരിക്കണമെന്ന് റെയിൽവേ അധികൃതർ ഊന്നിപ്പറയുന്നു. യാത്ര ആരംഭിക്കുന്ന ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കണം. ട്രെയിൻ സ്റ്റേഷൻ വിട്ടതിനു ശേഷം ആപ്പ് വഴി ജനറേറ്റ് ചെയ്യുന്ന ടിക്കറ്റുകൾ, അത് റെയിൽ വൺ ആപ്പിൽ തന്നെയാണ് കാണിക്കുന്നതെങ്കിൽ പോലും അസാധുവായി കണക്കാക്കി പിഴ ഈടാക്കും.
കോർബ-വിശാഖപട്ടണം ലിങ്ക് എക്സ്പ്രസിൽ വാട്ട്സ്ആപ്പ് സ്ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്ത വനിതാ യാത്രക്കാരിക്ക് റെയിൽവേ കനത്ത പിഴ ചുമത്തിയതിന് പിന്നാലെയാണ് ഈ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. സഹോദരൻ ആപ്പ് വഴി ബുക്ക് ചെയ്ത് അയച്ചുനൽകിയ സ്ക്രീൻഷോട്ട് പരിശോധിച്ച ടിടിഇ, ട്രെയിൻ സ്റ്റേഷൻ വിട്ടതിനു ശേഷമാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.
ഡിജിറ്റൽ ടിക്കറ്റ് ഉപയോഗിക്കുന്ന യാത്രക്കാർ യാത്രാവേളയിൽ ഉടനീളം തങ്ങളുടെ മൊബൈൽ ഫോണുകളിൽ ആവശ്യത്തിന് ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. സ്റ്റേഷന്റെ പേര്, യാത്രാ തീയതി എന്നിവ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പരിശോധനാ സമയത്ത് യഥാർഥ ഡിജിറ്റൽ ടിക്കറ്റ് കാണിക്കാൻ സാധിക്കാതെ വരുന്നത് വലിയ തടസങ്ങൾക്കും നിയമനടപടികൾക്കും കാരണമാകും.
അതേസമയം, പുതിയ നിർദേശങ്ങൾ റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.മുൻകൂട്ടി റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. റിസർവേഷൻ ടിക്കറ്റ് പരിശോധനകളിൽ വോട്ടർ ഐഡി അടക്കമുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കൃത്യമായ വ്യക്തിവിവര പരിശോധനകൾ നിലവിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കുന്നു.
