പരവൂർ: രാജ്യത്തെ ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് യുപിഐ ഇടപാടുകളിലെ ബയോമെട്രിക് സംവിധാനം അതിവേഗം ജനകീയമാകുന്നു. സുരക്ഷയുടെയും വേഗതയുടെയും കാര്യത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പുതിയ സംവിധാനത്തിലൂടെ കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 611 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾക്കാണ് അംഗീകാരം ലഭിച്ചത്. വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങിയ സുരക്ഷിതമായ ബയോമെട്രിക് പ്രാമാണീകരണം വഴി 25,416 കോടി രൂപയുടെ ഇടപാടുകളാണ് വെറും ഒരു മാസത്തിനുള്ളിൽ നടന്നത്.
ജൂണിൽ രാജ്യത്ത് നടന്ന മൊത്തം യുപിഐ ഇടപാടുകളുടെ 2.7 ശതമാനം വരുമിത്. കഴിഞ്ഞ വർഷം മാത്രമാണ് ഈ അത്യാധുനിക സവിശേഷത ഔദ്യോഗികമായി പുറത്തിറക്കിയത്.ലളിതവും അതേസമയം സുരക്ഷിതവുമായ പേയ്മെന്റ് അനുഭവങ്ങൾക്കായി യുപിഐ ഉപയോക്താക്കൾക്കിടയിലുള്ള വർധിച്ചുവരുന്ന താല്പര്യമാണ് ബയോമെട്രിക് പ്രാമാണീകരണത്തിന്റെ മികച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുന്നതെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സോഹിനി രാജോള വ്യക്തമാക്കി. നിരവധി പ്രമുഖ ബാങ്കുകളും യുപിഐ ആപ്പുകളും ഇതിനകം തന്നെ ഈ സേവനം ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ സുരക്ഷിതവും സൗകര്യപ്രദവുമായ ഈ പേയ്മെന്റ് രീതി സ്വീകരിക്കുമെന്നാണ് എൻപിസിഐ പ്രതീക്ഷിക്കുന്നത്.പുതിയ ബയോമെട്രിക് സംവിധാനം വരുന്നതോടെ പരമ്പരാഗത യുപിഐ പിൻ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾ ഗണ്യമായി കുറയും. നമ്പറുകൾ ടൈപ്പ് ചെയ്യുന്നതിന് പകരം ഒരു വിരലമർത്തലിലൂടെ വേഗത്തിൽ ഇടപാട് പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു. പിൻ തെറ്റുന്നത് മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നതിനാൽ ഇടപാടുകളുടെ വിജയനിരക്ക് വലിയ തോതിൽ മെച്ചപ്പെട്ടതായി അധികൃതർ പറയുന്നു.
ഫോൺപേ , എൻപിസിഐയുടെ സ്വന്തം ഭീം ആപ്പ്, ക്രെഡ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളും മറ്റ് ബാങ്കിംഗ് ആപ്പുകളും ഇതിനകം തന്നെ ഉപയോക്താക്കൾക്കായി ബയോമെട്രിക് പ്രാമാണീകരണ രീതി പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പേമെന്റുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇടപാടുകൾക്കും കുറഞ്ഞത് രണ്ട് വ്യത്യസ്ത ആധികാരികത ഘടകങ്ങൾ ഉണ്ടായിരിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ കർശന നിർദേശം നൽകിയിരുന്നു.
യുപിഐയുടെ കാര്യത്തിൽ, ഇതിൽ ഒന്നെങ്കിലും ചലനാത്മകമായി സൃഷ്ടിക്കപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്യണമെന്ന ആർബിഐയുടെ നിർദേശമാണ് നിലവിലെ ബയോമെട്രിക് ആധികാരികത നടപ്പിലാക്കുന്നതിലേക്ക് വഴിതെളിച്ചത്. ഓരോ ഇടപാടിനും പരിശോധിച്ചുറപ്പിക്കപ്പെടുന്ന ഈ സുരക്ഷാ ഘടകം ആ പ്രത്യേക പേമെന്റിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ സാമ്പത്തിക തട്ടിപ്പുകൾ വലിയൊരു പരിധിവരെ തടയാനും സാധിക്കും.
- എസ് ആർ സുധീർ കുമാർ
