ഷാനിമോളെ ഷുക്കൂർ തോൽപ്പിക്കും; ഒളിയമ്പുമായി വെള്ളാപ്പള്ളി; ചാലക്കുടിയിൽ പിന്തുണ തേടി വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്‍റ്

ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയെ മുൻ ഡിസിസി പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ എ.എ.ഷുക്കൂർ തോൽപ്പിക്കുമെന്ന ധ്വനിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ഒളിയമ്പ്. ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ഇന്നസെന്‍റിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വെള്ളാപ്പള്ളി അഭിപ്രായം പങ്കുവച്ചത്. ചാലക്കുടിയിൽ പിന്തുണ തേടിയാണ് വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്‍റ് എത്തിയത്.

സൗമ്യവും മാന്യവുമായി പെരുമാറുന്ന ദേശീയ നേതാവ് ഷാനിമോൾ ഉസ്മാന് കോണ്‍ഗ്രസിന്‍റെ ഉറച്ച ഏതെങ്കിലും സീറ്റ് നൽകേണ്ടതായിരുന്നു. വയനാട് എന്തുകൊണ്ട് അവർക്ക് നൽകിയില്ലെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴയിൽ യുഡിഎഫിന് ജയസാധ്യതയില്ലേ എന്ന ചോദ്യത്തിനാണ് ഒരു കാട്ടിൽ രണ്ടു സിംഹം ഉണ്ടാകുമോ എന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചത്. രണ്ടാമത്തെ സിംഹം ഇടത് സ്ഥാനാർഥി എ.എം.ആരിഫ് ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് പറഞ്ഞ ശേഷമാണ് ഷുക്കൂറിനെതിരേ ഒളിയന്പുണ്ടായത്.

തുഷാർ വെള്ളാപ്പള്ളിക്ക് ജയസാധ്യതയില്ലെന്നും മത്സരിച്ചാൽ തോൽക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിയിലെ പദവി രാജിവയ്ക്കാതെ തുഷാറിന് മത്സരിക്കാൻ കഴിയില്ലെന്നും എൻഡിഎയിൽ സ്ഥാനാർഥി നിർണയം പോലും പൂർത്തിയിട്ടില്ലല്ലോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. കോണ്‍ഗ്രസ് മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts