വാഷിംഗ്ടൺ ഡിസി: ഇറാനിലെ അവസാന ഷായുടെ മകനായ റേസാ പഹ്ലവിയുടെ ജനപിന്തുണയിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ റേസാ പഹ്ലവിയുടെ പേര് ഉയർന്നുകേൾക്കുന്നതിനിടെയാണ് റോയിട്ടേഴ്സ് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
റേസാ പഹ്ലവി നല്ല മനുഷ്യനാണെന്നാണു തോന്നുന്നതെന്നു ട്രംപ് പറഞ്ഞു. പക്ഷേ, പ്രവാസത്തിൽ കഴിയുന്ന റേസായുടെ നേതൃത്വം ഇറേനിയൻ ജനത അംഗീകരിക്കുമോ എന്നതിൽ സംശയമുണ്ട്. ഇറേനിയൻ ജനത അദ്ദേഹത്തെ അംഗീകരിക്കുന്നതിൽ എനിക്കു പ്രശ്നമില്ല.
ജനകീയ പ്രക്ഷോഭത്തിൽ ഇറേനിയൻ ഭരണകൂടം വീഴാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയം ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന മുഹമ്മദ് റേസാ പഹ്ലവിയുടെ മകനാണ് റേസാ. പിതാവിനു മുന്പേ ഇറാൻ വിട്ട അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണു താമസം. ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിൽ ഇറാനിലെ പുരോഹിത ഭരണകൂടത്തെ പുറത്താക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
‘യുക്രെയ്നിൽ സമാധാനത്തിനു തടസം സെലൻസ്കി’
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിനു തടസം യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ആണെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പുടിൻ സമാധാന ധാരണയ്ക്കു തയാറാണെന്ന് പുടിൻ കൂട്ടിച്ചേർത്തു.
