ഫൈനലിന്റെ ടിക്കറ്റുകള്‍ മുക്കിയതാര്? ഐഎസ്എല്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ സുലഭം, 300 രൂപയുടെ ടിക്കറ്റിന് നല്‌കേണ്ടത് 3000 രൂപ! രാഷ്ട്രദീപിക അന്വേഷണത്തില്‍ കണ്ടെത്തിയത്

ആര്‍ഡി വെബ്‌ഡെസ്ക്isl 2

ചേട്ടാ ഒരു ടിക്കറ്റ് ഒപ്പിച്ചുതരുമോ… കൊച്ചിയില്‍ ജോലി താമസിക്കുന്ന അന്യജില്ലക്കാരായവര്‍ രണ്ടുദിവസമായി ഈ അഭ്യര്‍ഥന എത്ര തവണ കേട്ടിട്ടുണ്ടാകും. ഞായറാഴ്ച്ച ഐഎസ്എല്‍ ഫൈനലില്‍ കേരളത്തിന്റെ മഞ്ഞപ്പട അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയെ നേരിടാനൊരുങ്ങുമ്പോള്‍ ഗാലറിയില്‍ ഒരു സീറ്റൊപ്പിക്കാനുള്ള തത്രപ്പാടിലാണ് ആരാധകര്‍. കൗണ്ടറില്‍ വില്പനയ്ക്കുവച്ച ആദ്യദിവസം തന്നെ ഫൈനലിന്റെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. 55,000ത്തോളം ഔദ്യോഗിക കപ്പാസിറ്റിയുള്ള 65,000ത്തിലധികം ആളുകളെ പ്രവേശിപ്പിക്കുന്ന സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ ഇത്ര പെട്ടെന്ന് തീര്‍ന്നതെങ്ങനെ? ഈ സംശയം ഉന്നയിച്ച് പല വായനക്കാരും രാഷ്ട്രദീപികഡോട്ട്‌കോമുമായി ബന്ധപ്പെടുകയുണ്ടായി.

ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ വില്പന ആരംഭിച്ചത് ബുധനാഴ്ച്ച വൈകുന്നേരം മുതലായിരുന്നു. ഈ ടിക്കറ്റുകള്‍ വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയും ബോക്‌സ് ഓഫീസ് ടിക്കറ്റുകള്‍ ഉച്ചയോടെയും വിറ്റു തീര്‍ന്നു. വേറൊരിടത്തും ടിക്കറ്റ് വില്പനയില്ലാത്തതിനാല്‍ മണിക്കൂറുകളോളം സ്റ്റേഡിയത്തിലെ ബോക്‌സ് ഓഫീസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടി വന്നു. സാധാരണ കളി നടക്കുന്ന ദിവസം വൈകുന്നേരം വരെ സ്റ്റേഡിയത്തില്‍ നിന്നു ടിക്കറ്റ് ലഭിച്ചിരുന്നതാണ്. എന്നാല്‍ ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മൂന്നു ദിവസം മുമ്പു തന്നെ തീര്‍ന്നു. കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. ഇങ്ങനെ കാത്തിരുന്നവരുടെ കളികാണല്‍ അതോടെ വെള്ളത്തിലായി. കോല്‍ക്കത്ത ആരാധകര്‍ പകുതിയോളം ടിക്കറ്റുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇത്രയും പുറമേ പറയുന്ന കാര്യങ്ങള്‍.

എന്നാല്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് വലിയ കൊള്ളയാണോ? ആരാധകരും മാധ്യമങ്ങളും അങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ല. വ്യാജഓണ്‍ലൈനുകള്‍ വഴി ടിക്കറ്റുകള്‍ ഇപ്പോള്‍ വന്‍തോതില്‍ വിറ്റഴിയുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒന്നിലേറെ സൈറ്റുകളിലൂടെയും ഫേസ്ബുക്ക് വഴിയുമാണ് ഈ കൊള്ള നടക്കുന്നത്. isltickets.com എന്ന വ്യാജ സൈറ്റാണ് ടിക്കറ്റ് വില്പന നടത്തുന്ന സൈറ്റുകളിലൊന്ന്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് ഇടപാടുകാര്‍ ആവശ്യപ്പെടുന്നത്. ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റിന്റെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ വില്‍പനയും കൊച്ചിയിലെ സ്‌റ്റേഡിയത്തിലെ ബോക്‌സ് വഴിയുള്ള വില്‍പനയും ഇന്നലെ അവസാനിച്ചിരുന്നു.

കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരങ്ങളില്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്ക്കുന്നവരുടെ സാന്നിധ്യം ശക്തമാണ്. ഗാലറി ടിക്കറ്റുകളാണ് ഇവരുടെ കൈകളിലുള്ളതിലേറെയും. സാധാരണ ടിക്കറ്റ് 1500-2500 രൂപയ്ക്കാണ് ഇവര്‍ വില്ക്കുന്നത്. പത്തിലധികം ടിക്കറ്റുകള്‍ ഒന്നിച്ചെടുത്താല്‍ കാര്യമായ റിഡക്ഷനും നല്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഒരാള്‍ രാഷ്ട്രദീപിക പ്രതിനിധിയോട് പറഞ്ഞു. അതേസമയം, സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കൊള്ളയാണ് നടക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടിരുന്നു. ഫൈനലിന്റെ എല്ലാകാര്യങ്ങളും ഐഎസ്എല്‍ അധികൃതര്‍ നേരിട്ടാണ് ചെയ്യുന്നതെന്നും തങ്ങള്‍ക്ക് റോളില്ലെന്നുമാണ് അവര്‍ പറയുന്നത്. കോല്‍ക്കത്ത ആരാധകര്‍ 18,000ത്തോളം ടിക്കറ്റുകള്‍ തുടക്കത്തിലെ ബുക്ക് ചെയ്തതാണ് ടിക്കറ്റ് ക്ഷാമത്തിനു കാരണമെന്നാണ് സംഘാടകര്‍ പറയുന്നത്. അതേസമയം, സ്റ്റേഡിയം പരിസരത്ത് ടിക്കറ്റ് വില്പന നടത്തുന്നവരെ പൊക്കാന്‍ കൊച്ചി പോലീസ് തയാറെടുക്കുകയാണ്.

Related posts